വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ സാമ്പത്തിക വിജയം നേടിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നു.

20 വര്‍ഷം മുമ്പ് വിനയന്‍ തന്നെ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗമാണ് ചിത്രം. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്.

സിനിമയുടെ ബോക്സ് ഓഫീസ് സ്വീകാര്യതയെ കുറിച്ച് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒരു കൊച്ചു ചിത്രത്തിന്റെ വല്യ വിജയം എന്നാണ് വിനയന്‍ പറഞ്ഞത്. അന്ന് നാലാഴ്ച കൊണ്ട് വന്നത് ഇന്ന് മൂന്നുദിവസം കൊണ്ട് വന്നിരിക്കുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.

വിഷ്ണു വിനയ്, ആരതി , രമ്യാ കൃഷ്ണന്‍, വിഷ്ണു ഗോവിന്ദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബിജിബാലാണ് സംഗീതം.