തിരശ്ശീലയില്‍ നക്ഷത്രങ്ങള്‍ പൂക്കുന്ന ഗോവ

എന്‍എസ് മാധവന്‍റെ ഒരു കഥയില്‍ പ്രിയപ്പെട്ട മലയാള എ‍ഴുത്തുകാരന്‍റെ പേര് ചോദിക്കുമ്പോള്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എന്ന് മറുപടി പറയുന്നൊരു കഥാപാത്രമുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലധികം പ്രായമാകുന്ന കേരള ചലച്ചിത്രമേളയുടെ പൊതുഭാവങ്ങളുടെ പങ്കുപറ്റുന്ന ഒരു സ്ഥിരം ഡെലിഗേറ്റിനോട് പ്രിയപ്പെട്ട മലയാള ചലച്ചിത്രകാരന്‍റെ പേര് ചോദിച്ചാല്‍ ഒരു പക്ഷേ സമാനമായൊരു മറുപടിയാണ് കേള്‍ക്കുക- കിം കിദുക്ക്. 2000ല്‍ കോ‍ഴിക്കോട് നടന്ന ചലച്ചിത്രമേളയില്‍ ഇറ്റലിക്കാരനായ പീയര്‍ പൗലോ പസോലിനിക്ക് ലഭിച്ച താരപദവി തട്ടിത്തെറിപ്പിച്ചാണ് കിം കിദുക്ക് 2005 മുതല്‍ കേരള മേളയുടെ സൂപ്പര്‍ താര പദവിയിലേക്ക് അവരോധിക്കപ്പെട്ടത്. അറുപതുകളില്‍ കേരളത്തില്‍ വന്നിരുന്ന പസോലിനിയെ അന്ന് ആരും വേണ്ട വിധം ഗൗനിച്ചില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ അറേബ്യന്‍ നൈറ്റ്സും, കാന്‍റന്‍ബറി ടെയില്‍സും, ഡെക്കാമറണ്‍ കഥകളും, 120 ഡേസ് ഓഫ് സോദോമും അക്കാലത്ത് സംഭവിച്ചില്ല. 1975ല്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ തന്‍റെ ജന്മരാജ്യമായ സൗത്ത് കൊറിയയില്‍ ലഭിക്കാത്തത്രയും ആരാധകരെ നിറകണ്ണുകളോടെ വന്നു, കണ്ട്, കീ‍ഴടക്കിയാണ് കിം കിദുക്ക് 2014ല്‍ തിരിച്ചു പോയത്. പസോലിനിക്ക് ലഭിക്കാത്ത ആദരം! പസോലിനിയുടെ ചിത്രങ്ങളിലേത് പോലെ രൂക്ഷമായ ലൈംഗീകതയുടെയും ഹിംസയുടെയും പാറ്റേണിലുള്ള ചിത്രങ്ങളാണ്, കാല്‍പ്പനീക ആത്മീയതയില്‍ പോതിഞ്ഞ ആദ്യകാല ചിത്രങ്ങളില്‍ നിന്ന് മാറി കിദുക്കില്‍ നിന്ന് പിന്നീട് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഹിംസയുടെ തലത്തിലല്ലാതെ രാഷ്ട്രീയ തലത്തില്‍ ഈ രണ്ട് ചലച്ചിത്രകാരന്മാരും തമ്മില്‍ എവിടെയും സാമ്യമില്ല. പക്ഷേ, കിദുക്ക് എന്ത് കൊടുത്താലും കൈയ്യടിയോടെ എതിരേല്‍ക്കാന്‍ കാത്ത് നില്‍ക്കുന്ന ഫാന്‍സ് സ്വഭാവത്തിലുള്ള കാണികളുടെ ആധിക്യമാണ് കേരളാ മേളയില്‍ ഒരു പതിറ്റാണ്ടായി തുടരുന്ന ഒരു പ്രധാന പ്രവണത.

”കിം കിദുക്കോ, എന്ത് മണ്ടത്തരമാണ് ഈ കേള്‍ക്കുന്നത്. ഗൊദാര്‍ദിനെയും ഐസന്‍സ്റ്റീനെയും തര്‍ക്കോവ്സ്ക്കിയെയും കീസ്ലേോവ്സ്കിയെയും ഫെല്ലിനിനിയെയും  ബുനുവലിനെയും സത്യജിത് റായ് യെയും പോലുള്ള പ്രതിഭാശാലികളെ കണ്ട് വലുതായ ഈ മേളകളുടെ യഥാര്‍ത്ഥ കാ‍ഴ്ചാ സംസ്കാരത്തെ നഷ്ടപ്പെടുത്തുന്ന എന്തു തരം ആരാധനയാണിത്! എന്തായാലും ഇങ്ങനെയൊരു ഫൗള്‍ കക്ഷിയെ എതിരേല്‍ക്കാന്‍ ഞാനില്ല”- 2012ല്‍ കിം കിദുക്ക് ഗോവയില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് നില്‍പ്പുറക്കാതായ മാധ്യമപ്രവര്‍ത്തകരെക്കണ്ട് പ്രശസ്ത എ‍ഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ പൊട്ടിത്തെറിച്ചത് ഇപ്പോ‍ഴും ഓര്‍മ്മയിലുണ്ട്. ഇന്ത്യയുടെ ചലച്ചിത്രമേള 2004ല്‍ ഗോവയില്‍ സ്ഥിരമായി നങ്കൂരമിടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ദില്ലിയിലും ഹൈദരാബാദിലും കൊല്‍ക്കത്തയിലും പോയി മേള കണ്ട, സത്യജിത്ത് റായി, മൃണാള്‍സെന്‍, ഉല്‍പ്പല്‍ ദത്ത് തുടങ്ങിയ മാസ്റ്റേര്‍സുമായി വരെ നേരിട്ട്  സൗഹൃദമുണ്ടാക്കാനും സംവദിക്കാനും അവസരം ലഭിച്ചയാളാണ് സിവി. എണ്‍പതുകളില്‍ ദേശാഭിമാനിക്ക് വേണ്ടി സിവി ബാലകൃഷ്ണന്‍ നടത്തിയ ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ഈ രംഗത്തെ ക്ളാസിക്ക് മാതൃകയും ചലച്ചിത്രോത്സവ പത്രപ്രവര്‍ത്തനത്തിന്‍റെ ഒരു ചരിത്ര രേഖയുമാണ്. അതുകൊണ്ട് തന്നെ സിവിയുടെ ശകാരിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് തന്നെ കിദുക്കിന്‍റെ കേരളാ ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ വേറൊരു മാര്‍ഗ്ഗേണ അയാളെ അന്വേഷിച്ചുകൊണ്ടിരുന്നു എന്ന് പറയുന്നതാവും നേര്.

എവിടെയാണ് കിദുക്ക്, എവിടെയാണ് അയാളുടെ താവളം? ചോദിക്കുന്നവരൊക്കെ ഈ ചോദ്യം തന്നെ തിരിച്ച് ചോദിക്കുന്നു. കെ ബി വേണുവും വിഎസ് രാജേഷും എന്തിന് നമ്മുടെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണും വരെ ചോദിക്കുന്നു, എവിടെയാണ് കിം? ഫെസ്റ്റിവല്‍ ഡയരക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു: ”മീരാമറിലെ മാരിയറ്റിലാണ് അയാള്‍ക്ക് താമസം. പക്ഷേ അവിടെ അയാള്‍ വരാറില്ല.”  ഒടുവില്‍ കിമ്മിന് സഹായിയായി നില്‍ക്കുന്ന കൊറിയക്കാരിയായ ദ്വിഭാഷിയോട് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു, അറിയില്ല. ”ഒരു പക്ഷേ, ഗോവയിലെ ഏതെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അയാള്‍ ആരാലും തിരിച്ചറിയാതെ സഞ്ചരിക്കുന്നുണ്ടാവും, അങ്ങിനെയൊരു രീതി അയാള്‍ക്കുണ്ട്”. സഹായി ഒരൂഹം പറഞ്ഞു. നാട്ടില്‍ നിന്ന് കിം കിദുക്കിന്‍റെ ആരാധകര്‍ വിളിച്ചു കൊണ്ടിരുന്നു. ഒരു ഫൂട്ടേജ് വാര്‍ത്ത  പോലും നല്‍കാനാവാത്തതിനാല്‍ ഓഫീസില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. കേരളം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന ഒരു ചലച്ചിത്രകാരനെ കാണാനാവുന്നില്ലെങ്കില്‍ മറ്റെന്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്- ന്യായമാണ് ചോദ്യം.

2005ല്‍, സ്പ്രിംഗ്, സമ്മര്‍ ഫാള്‍.., ത്രീ അയേണ്‍ എന്നിവ ഉള്‍പ്പെടെ  അഞ്ച് ചിത്രങ്ങളുടെ ഒരു പ്രത്യേക പാക്കേജിലൂടെയാണ് കിം കിദുക്ക് കേരള മേളയുടെ പ്രണയഭാജനമായത്. പിന്നീട് കിദുക്കിന്‍റെ ഒരു ചിത്രവും തിരുവനന്തുപരം മേള കാണാതെ പോയിട്ടില്ല. എന്നാല്‍ ഗോവയ്ക്ക് കിം അവിടെയെത്തുന്ന നൂറുകണക്കിന് സംവിധായകരില്‍ ഒരാള്‍ മാത്രമായിരുന്നു എന്നതാണ് സത്യം. കിമ്മിന്‍റെ പിയത്തയ്ക്ക് 2012ല്‍ ഗോവയില്‍ തിരക്ക് കൂട്ടിയത് മലയാളികള്‍ മാത്രമാണ്. സീറ്റുകള്‍ പലതും കാണികളില്ലാതെ ഒ‍ഴിഞ്ഞു കിടന്നു. എന്നാല്‍ കേരളത്തിലോ, ആ ആള്‍ക്കൂട്ടം വിവരണാതീതമായിരുന്നു. പറഞ്ഞു വരുന്നത്, കേരളത്തിലെ  കിദുക്കിന്‍റെ ആരാധക സമൂഹത്തിന്‍റെ ഈ ബാഹുല്യം ആ കൊറിയന്‍ സംവിധായകന്‍റെ ചലച്ചിത്ര ജീവിതത്തിലും പ്രായപൂര്‍ത്തിയായ കേരള ചലച്ചിത്രോത്സവ ചരിത്രത്തിലും  ഒരു അല്‍ഭുതമാണെന്നാണ്.  അതിന് നന്ദിയായി കിം കൊറിയയിലെ തന്‍റെ വീട്ടു പടിക്കലില്‍ ‘ബീനാപോള്‍ ഈ വീടിന്‍റെ ഐശ്വര്യം’ എന്ന് എ‍ഴുതി പതിച്ചിട്ടുണ്ടെന്നാണ് ഇവിടെ എപ്പോ‍ഴും പറയുന്ന ഒരു തമാശ.

2008ല്‍ തന്‍റെ `ഡ്രീം’ എന്ന ചിത്രം കാണികള്‍ക്ക് വിട്ടുകൊടുത്ത് മൂന്ന് വര്‍ഷക്കാലം നീണ്ട അജ്ഞാത വാസത്തിലായിരുന്നു കിം കിദുക്ക്. ബീമാപ്പള്ളിയില്‍ നിന്ന് ഡിവിഡികള്‍ വാങ്ങി, കണ്ട സിനിമകള്‍ തന്നെ ആവര്‍ത്തിച്ച് കണ്ട് കേരള ആാരാധകര്‍ കിമ്മിന്‍റെ അസാന്നിധ്യത്തെ മറികടന്നുവെന്ന് വേണം കരുതാന്‍. കിം കിദുക്കിനെ മിത്താക്കി അക്കാലത്തിറങ്ങിയ ഹ്രസ്വ ചിത്രം (ഡിയര്‍ കിം- ബിനുകുമാര്‍) നല്ല ശ്രദ്ധ നേടിയിരുന്നു. ഒരു നാട്ടുമ്പുറത്തെ കുറേ സിനിമാ ഭ്രാന്തന്മാര്‍ ചേര്‍ന്ന് സിനിമകള്‍ക്ക് വേണ്ടി കിമ്മിന് കത്തെ‍ഴുതുന്നതാണ് ഡീയര്‍ കിമ്മിന്‍റെ ഇതിവൃത്തം. ഒരു പാറപ്പുറത്തിരുന്ന് അവര്‍ സിനിമയുടെ പേരെ‍ഴുതിവെച്ച പാറകള്‍ക്ക് നേരെ കല്ലെറിയുകയാണ്. ഏറ് കൊള്ളുന്ന സിനിമ കിദുക്ക് കൊറിയയിലെ വീട്ടില്‍ നിന്ന് പാക്ക് ചെയ്ത് അയക്കുമെന്നാണ് അവരുടെ വിശ്വാസം. മലയാളിയുടെ കേവലം കിദുക്ക് ആരാധനയെ മാത്രമല്ല ചലച്ചിത്ര മേളകളിലെ മാസ്റ്റേര്‍സ് സങ്കല്‍പ്പത്തെയും അടിമുടി അട്ടിമറിക്കുന്നതാണ് ഈ സിനിമ. പക്ഷേ അല്‍ഭുതം അതല്ല, 2012 വരെ കിംകിദുക്ക് എന്ന കൊറിയന്‍ സംവിധായകന്‍ തനിക്ക് ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തെക്കുറിച്ച് കേട്ടിട്ടേയില്ല എന്നതാണ്! അക്കാര്യം വലിയ `ഞെട്ടലോടെ’  നമ്മളറിഞ്ഞത്  ആ വര്‍ഷത്തെ ഗോവാ മേളയുടെ ഒരു രാത്രി വിരുന്നില്‍‍ വെച്ചാണ്.

വാർത്ത മുടങ്ങിയാലും  ഗോവയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ നൈറ്റ് പാർട്ടി മുടക്കാറില്ല. ഞങ്ങൾ മൂന്നു പേർ -ഞാനും ക്യാമറാമാന്‍ ബാബു രാജ് മൊറാ‍ഴയും ഇന്ത്യവിഷനിലെ മനീഷ് നാരായണനുമാണ് സംഘാംഗങ്ങള്‍. വിളമ്പുകാരന്‍റെ ഉദാരമനസ്ക്കതയക്ക് മുന്നിലേക്ക് തളികയും ഗ്ലാസും നിട്ടി നില്‍ക്കുമ്പോള്‍ വെറുതേ ഒന്ന് ഞാന്‍ പിന്നോട്ട് നോക്കിയതാണ്. അല്‍ഭുതം അതാ പിന്നിൽ ഒരു കൊറിയൻ മുഖം ശാന്തബുദ്ധനെപ്പോലെ വൈൻ ഗ്ളാസുമായി ക്യൂ നില്‍ക്കുന്നു. തളികകള്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഞാന്‍ ആ ബുദ്ധനെ വാരിപ്പുണര്‍ന്നത് മാത്രം ഓര്‍മ്മയുണ്ട്.  തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് മാത്രം പറഞ്ഞാല്‍പ്പോരാ, ശരീരം മു‍ഴുവന്‍ ചുറ്റിയ അനുഭവം. കേരളത്തിലെ ആയിരക്കണക്കിനായ ആരാധകര്‍ക്ക് വേണ്ടി കേരളത്തില്‍ നിന്നും ആദ്യമായി ഒരു  മാധ്യമപ്രവര്‍ത്തകന്‍ കിം കിദുക്കിനെ അഭിമുഖം ചെയ്യുന്നു എന്നതാണ് ആ മുഹുര്‍ത്തത്തിന്‍റെ വലിയ ആഹ്ലാദമായി ഞാന്‍ കണ്ടത്; പില്‍ക്കാലത്ത് കിദുക്ക് കേരളത്തില്‍ വന്ന് നിറഞ്ഞാടിയെങ്കിലും. എന്നാല്‍ അന്നത്തെ വലിയ സങ്കടം, കേരളമെന്ന സ്ഥലനാമം അദ്ദേഹം അതുവരെ കേട്ടിട്ടേയില്ലല്ലോ എന്നതായിരുന്നു.

ഞാനും മനീഷ് നാരായണനും കേരളത്തില്‍ അദ്ദേഹത്തിനുള്ള ആരാധകരെക്കുറിച്ച് വിശദമായി വിവരിച്ചു നല്‍കിയത് കിം തെല്ലൊരു അവിശ്വസനീയതയോടെയാണ് കേട്ടു നിന്നത്. ഞങ്ങള്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന്‍റെ ഏതാണ്ടെല്ലാ സിനിമകളെക്കുറിച്ചും ചോദിച്ചു. എന്നാല്‍ കിം തന്‍റെ നീണ്ട നിശബ്ദവാസത്തിനു ശേഷം ഇനി സിനിമ കൊണ്ടും ജീവിതം കൊണ്ടും വേറൊരു വ‍ഴിയിലാണെന്ന് പറയാനാണ് ശ്രമിച്ചത്. `പിയത്ത’ മുതലാളിത്തത്തിന്‍റെ ധനാര്‍ത്തിക്കെതിരെയുള്ള സിനിമയാണെന്ന് കണിശമായി തന്നെ പറഞ്ഞുവെച്ചു. ഇനി സൗന്ദര്യത്തിനല്ല സത്യത്തിനാണ് തന്‍റെ സിനിമയില്‍ പ്രധാന്യമെന്നും നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടലിന്‍റെ ഭാഷയാണ് പ്രിയപ്പെട്ടെതെന്നും നേര്‍ത്ത പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങളുണ്ടായാല്‍ കേരളത്തിലേക്ക് വരാമെന്ന ഉറപ്പ് കൂടി നല്‍കിയാണ് കിം അന്ന് രാത്രി യാത്ര പറഞ്ഞത്. അതില്‍ പിന്നീട് പേരിനൊരു വാര്‍ത്താ സമ്മേളനത്തില്‍ കൂടി മുഖം കാണിച്ചതല്ലാതെ കിം കിദുക്കിനെ ഗോവയില്‍ ആരും കണ്ടിട്ടില്ല. എന്നാല്‍ അജ്ഞാതനായിരിക്കാനുള്ള  വ്യഗ്രതയുടെ കാര്‍മേഘങ്ങളെല്ലാം നീങ്ങി ഏറെ സന്തോഷവനാനായ കിം കിദുക്കിനെയാണ് പിന്നീട് നമ്മള്‍ 2014ല്‍ കേരളത്തില്‍ വന്നപ്പോള്‍ കണ്ടത്. ആ വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ‘മൊബിയസ്’ എന്ന ചിത്രം ഒരു സ്ത്രീദുരന്തം ആവിഷ്ക്കരിക്കാന്‍ ഹിംസാത്മക രതിയുടെ അങ്ങേയറ്റത്തേക്ക് കാണികളെ കാടു കയറ്റിയത് സമ്മിശ്രാഭിപ്രായങ്ങളാണ് ഉണ്ടാക്കിയത്. ഇനി തീയറ്ററില്‍ വരാനിരിക്കുന്ന `ദി നെറ്റി’നെക്കുറിച്ചും നമുക്ക് നിശ്ചയമില്ല. സ്വന്തം ചലച്ചിത്രശൈലിയെ  തന്നെ തിരുത്തിയും വ‍ഴിമാറി നടന്നും കിം മറ്റൊരു കിം കിദുക്കായിട്ടുണ്ട് ഇക്കാലത്ത്.

മലയാളിയുടെ സമീപകാല ചലച്ചിത്രമേളയുടെ ഒരു ദുര്‍ലക്ഷണമായി എടുത്ത് കാട്ടുന്ന ഒളിഞ്ഞു നോട്ടത്തിന്‍റ ലഹരിയാണ് കിം കിദുക്കിനെ പോലുള്ളവരെ ആരാധ്യ പുരുഷന്മാരാക്കുന്നതിന്‍റെ പിന്നിലെന്ന ഒരു വിമര്‍ശനമുണ്ട്. കിം കിദുക്കിന്‍റെ ഒടുവിലത്തെ ചിത്രം ‘മോബീയസു’ള്‍പ്പെടെ കാണികള്‍ തള്ളിക്കയറുന്നതിനിടയാക്കുന്നത് ലൈംഗീക ദൃശ്യങ്ങളുടെ സെന്‍സറിംഗില്ലാത്ത വിന്യാസങ്ങളാണെന്ന  ആക്ഷേപവുമുണ്ട്. അങ്ങിനെയെങ്കില്‍ ചലച്ചിത്രമേള ലക്ഷ്യമാക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയ സംസ്കാരങ്ങളെല്ലാം നഷ്ടമാകുകയല്ലേ എന്ന ചോദ്യം ഉയരുകയാണ്. `മോബിയസ്’ അങ്ങേയറ്റം സത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമെന്ന് തോന്നിക്കുന്ന മതൃരതിയും- മാതൃ പീഡനവുമാണ് കരുണയില്ലാത്തവിധം ആള്‍ക്കൂട്ട കാ‍ഴ്ച്ചയ്ക്ക് വിധേയമാക്കുന്നത്. 2010ല്‍ ലാര്‍സ് വോണ്‍ട്രയറുടെ `ആന്‍റീക്രൈസ്റ്റ്’ മുതല്‍ക്കാണ് നരക സ്വഭാവമുള്ള രൂക്ഷമായ ലൈംഗീകതയുടെ പരസ്യ പ്രദര്‍ശനശാലകളായി  ഇവിടെ ചലച്ചിത്ര മേളകള്‍ മാറിത്തുടങ്ങിയത്. ഉല്‍പ്പത്തിക്കഥയുടെ ഒരു ഇതിവൃത്തമായി തോന്നിപ്പിച്ച് ആത്മ പീഡകള്‍ നിറഞ്ഞ തരം രതിയെ ആവിഷ്ക്കരിക്കുകയായിരുന്നു ഈ ചിത്രം. ലിംഗഛേദം ഉള്‍പ്പെടെയുള്ള ജുഹുപ്സാവകമായ ദൃശ്യങ്ങളുടെ വിസ്തരിച്ച ഈ കാ‍ഴ്ച്ചകള്‍ മലയാളിയുടെ എന്തുതരം മനോനിലകളെയാണ് തൃപ്തിപ്പെടുത്തുന്നതെന്ന് ഇപ്പോ‍ഴും വ്യക്തമല്ല.

അതുകൊണ്ട് ഗോവയിലേക്കോ തിരുവനന്തപുരത്തേക്കോ എത്തുന്ന മലയാളി കാണികള്‍ സെന്‍സറിംഗില്ലാതെ യഥേഷ്ടം ലൈംഗീക ദൃശ്യങ്ങള്‍ കാണാനെത്തുന്ന മനോരോഗികളാണെന്ന് അര്‍ത്ഥമില്ല. ഒരു പ്രത്യേകമായ പ്രവണത പറഞ്ഞു വെച്ചുവെന്ന്  മാത്രം. മലയാളിയുടെ വികസിതമായ ദൃശ്യസാക്ഷരതയുടെ സാക്ഷ്യങ്ങള്‍ തന്നെയാണ് ഗോവയിലായാലും തിരുവനന്തപുരത്തായാലും വര്‍ദ്ധിച്ചുവരുന്ന ഡെലിഗേറ്റുകളുടെ പ്രവാഹം.

ഇന്ത്യന്‍ സിനിമയുടെ പരിഛേദമായ ഇന്ത്യന്‍ പനോരമയുടെ പശ്ചാത്തലത്തില്‍ ലോക സിനിമയിലേക്ക് വ്യത്യസ്തമായി ഊളിയിടാനുള്ള ഒരു വിസതൃതാവസരമാണ് ഗോവ നല്‍കുന്നത്. ഒപ്പം തന്നെ, കഴിഞ്ഞ കുറേ കാലമായി ഗോവയിലെത്തുന്ന മലയാളിക്ക്‌ ഇതൊരു സമാന്തര ജീവിത സ്ഥലമായി മാറിയിട്ടുമുണ്ട്. തിരുവനന്തപുരത്തെ സ്വന്തം മേളയെ ഉരച്ച് നോക്കാനും മാറിനിന്ന് താരതമ്മ്യത്തിനുമുള്ള ഒരു അവസരമാണ് മേളക്കാലത്തെ ഗോവായാത്രകള്‍. കേരളത്തിന്‍റെ വടക്കുള്ളവര്‍ക്ക് തിരുവനന്തപുരത്തെത്തുന്നതിന്‍റെ പകുതി ദൂരമേയുള്ളൂ ഗോവയിലേക്ക്. കര്‍മ്മലിയിലേയോ മഡ്ഗാവിലേയോ ടാക്സി ബൈക്കുകാരോട് വിലപേശി പനാജിയിലെത്തി ഐനോക്സിന്‍റെ ഒരു മതില്‍ക്കെട്ടിനകത്തെ കമ്മ്യൂണ്‍ ജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നെ നമ്മള്‍ മറ്റൊന്നും അറിയുന്നില്ല. തിരുവനന്തപുരത്ത് അത്തരം ദൃഡമായ കൂട്ടായ്മകള്‍ക്കും ആള്‍ക്കൂട്ട സ്വഭാവത്തിന്‍റെ സങ്കുചിതത്വമുണുളളത്.  പര്‍ഗോളയിലെ ജോര്‍ജേട്ടന്‍റെ പച്ചരിച്ചോറും റവയിട്ട് പൊരിച്ച വാങ്കടയും പന്‍ജിം പള്ളിക്കടുത്തെ മറ്റൊരു ജോര്‍ജിന്‍റെ പ്രമാദമായ പന്നി വരട്ടിയതും, ചോട്ടുവിന്‍റെ ബാറിലെ പ‍ഴകി വീര്യം വെച്ച ഫെന്നിയും നിലക്കടല പു‍ഴുങ്ങിയതും  മണ്ടോവിയിലെ ഉല്ലാസ സവാരികളുമാണ് ഗോവയെന്ന് കേള്‍ക്കുമ്പോള്‍ സിനിമയോടൊപ്പം തന്നെ മനസ്സിലെത്തുന്ന ലഹരികള്‍.

ഗോവയില്‍ കാസിനോകളില്‍ നക്ഷത്രങ്ങള്‍ പൂത്ത് നില്‍ക്കുന്നത് സിനിമ കാണുന്നത് പോലെ തന്നെ കാണാവുന്ന വേറൊരു കാ‍ഴ്ച്ചയാണ്. മണ്ഡോവിയിലെ ഉല്ലാസ നൗകകളില്‍ നിന്ന് പാട്ടും നൃത്തവും കരയിലേക്ക് കാറ്റിനൊപ്പം പല തരംഗ ദൈര്‍ഘ്യങ്ങളില്‍ ഉയര്‍ന്നു വരും. കാലാംഗുട്ടിയിലേക്കോ മീരാമറിലേക്കോ ഡോണാപ്പോളയിലേക്കോ പോകുന്ന ബസ്സുകളില്‍ ഗോവന്‍ സ്ത്രീകള്‍ വളരെ അടുത്തിരിക്കുന്നതിന്‍റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസം പോലും നമുക്ക് വ്യക്തമായി തിരിച്ചറിയാനാവും. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടിയാല്‍ ചെവിക്കു പിടിച്ചു ക്ളാസിനു പുറത്താക്കുന്ന താലീബാന്‍ നാടാണെന്നും കോളേജുകള്‍ മദ്രസകളുടെയും ക്ഷേത്രങ്ങളുടെയും അനെക്സുകളാണെന്നും (ഫറൂഖ്, കേരളവര്‍മ്മ) ബിജെപി ഭരിക്കുന്ന നാട്ടുകാര്‍ ഇനിയും പ്രയോഗത്തില്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നും. അതുകൊണ്ട് ചുംബിക്കാന്‍ സ്വന്തം നാട്ടില്‍ സമരം നടത്തേണ്ടി വരുന്നവര്‍ മീരാമര്‍ പാര്‍ക്കിലെ ദൈനംദിന ചുംബനോത്സവങ്ങള്‍ ചവോക്ക് മരങ്ങളുടെ മറപറ്റിയെങ്കിലും കണ്ടു നില്‍ക്കാറുണ്ടെന്നതാണ് സത്യം. അതാണ് സിനിമയക്ക് പുറത്തെ മലയാളിയുടെ വേറൊരു ഒളിഞ്ഞു നോട്ടം.

എന്തായാലും ഗോവയ്ക്ക് ഇതൊരു വാര്‍ഷിക കാര്‍ണിവലാകുന്നു. വന്നു പോകുന്നവരുടെ മടിശ്ശീലയിലാണ് ഒരോ ശരാശരി ഗോവക്കാരന്‍റെയും ജീവിതമെന്ന് അവര്‍ക്കറിയാം. അതിഥി ദേവോ ഭ‍വ എന്നാണ് ബിജെപിയുഗത്തിന് മുമ്പായാലും പിമ്പായാലും ടൂറിസം കുത്തിയുണ്ണുന്ന ഗോവയുടെ പ്രധാന പ്രാര്‍ത്ഥന. അതിന് അവര്‍ക്ക് ചലച്ചിത്രമേളയും ഒരു നിമിത്തമാകുന്നുവെന്ന് മാത്രം. കാര്‍ണ്ണിവലുകള്‍ സിനിമയെന്ന കാ‍ഴ്ച്ചയുടെ ഉത്സവത്തിന് നല്‍കാവുന്ന ഏറ്റ‍വും നല്ല പകിട്ടാണെന്ന് നമ്മള്‍ അറിയുന്നത് ഗോവയില്‍ വരുമ്പോ‍ഴാണ്. തിരുവനന്തപുരത്തെ ആള്‍ക്കൂട്ട ബഹളവും കൈയ്യാങ്കളികളും പലതരം ഇച്ഛാഭംഗങ്ങളും രാഷ്ട്രീയക്കളികളും നിറഞ്ഞ വെറും നിലത്തിരുന്ന് സിനിമ കാണേണ്ടി വരുന്നവര്‍ക്ക് സ്വര്‍ഗ്ഗമാണ് ഗോവ. യഥാര്‍ത്ഥ ലോക സിനിമയുടെ പരിച്ഛേദം കാണണമെങ്കിലും നമ്മള്‍ ഗോവയിലേക്ക് തന്നെ വരണം. ആ സന്നിധാനത്ത് തെങ്ങു വെച്ച് കുലപ്പിച്ച ഗുരുസ്വാമിമാരൊന്നും മറ്റൊരഭിപ്രായം പറയില്ല. കേരളത്തിന് വളരെ അടുത്ത് നമ്മുടെ രാജ്യത്തിന്‍റെ മേളയും ഒപ്പം തന്നെ കേരളത്തിന്‍റെ മേളയും ഒരാ‍ഴ്ച്ചയുടെ ഇടവേളയ്ക്കകത്ത് ആസ്വദിക്കാനാവുന്നതുപോലെ ഒരവസരം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ സിനിമാപ്രവര്‍ത്തര്‍ക്കും ലഭിക്കുന്നില്ല. നമ്മുടെ സിനിമയും നമ്മള്‍ സിനിമ കാണുന്നതിന്‍റെ സംസ്കാരവും രാഷ്ട്രീയവുമെല്ലാം അനുദിനം പുതുക്കപ്പെടുന്നുവെങ്കില്‍ അതിന്‍റെ സാഹചര്യം ഇതാണ്.


സൗഹൃദങ്ങള്‍ ഇത്രയും സർഗത്മകവും ആശയ നിബിഡവുമായി പങ്കുവയ്ക്കപ്പെടുന്ന വേറൊരു വേദിയും ചലച്ചിത്രമേളകള്‍ പോലെ ഇത്രയേറെ ജനാധിപത്യപരമായി ഇവിടെ വേറെ നിറവേറ്റപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. ചലച്ചിത്രോത്സവങ്ങളില്‍ എത്തുന്ന സ്ത്രീ ഡെലിഗേറ്റുകളുടെ പങ്കാളിത്തം പോലെ  ലിംഗ നീതിയിലധിഷ്ഠിതമായ വേറൊരു  സാംസ്കാരികക്കാ‍ഴ്ച്ചയും ഇപ്പോള്‍ കേരളത്തില്‍ അത്ര വിപുലമായി സംഭവിക്കുന്നുമില്ല. ഒരു പക്ഷേ, ഗോവന്‍ ബാറുകളിലെ മദ്യമേളകളാണ് ഔപചാരികതാ ഭാരമൊന്നുമില്ലാതെ ചലച്ചിത്ര സംവാദങ്ങളുടെ ഏറ്റവും മികച്ച ചര്‍ച്ചാ കേന്ദ്രങ്ങളാകുന്നതെന്ന യാഥാര്‍ത്ഥ്യമുണ്ട്. മനുഷ്യരെ ശരിക്കും മതേതരമായി ഒന്നിപ്പിച്ചിരുത്താന്‍ പഠിപ്പിച്ചത് എല്ലാ  നവോത്ഥാന മുദ്രാവാക്യങ്ങള്‍ക്കുമപ്പുറം സിനിമയാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍, മഹത്തായ ആ കലയുടെ വാര്‍ഷീകോത്സവങ്ങള്‍ സകല വിഭജനങ്ങളെയും തകര്‍ത്ത് ഉജ്ജ്വലമായ രാഷ്ട്രീയ ശക്തിയായി മാറുന്നത് ചലച്ചിത്രമേളകളിലാണ്. ബാറുകളിലും ഹോട്ടല്‍ മുറികളിലും തീയറ്റര്‍പ്പടികളിലും തെരുവോരങ്ങളിലുമായാണ് യഥാര്‍ത്ഥ കൂട്ടായ്മകള്‍ ഇവിടെ കരുത്താര്‍ജ്ജിക്കുന്നത്.

കേവലം സിനിമയ്ക്കായി മാറ്റിവെച്ച തുരുത്തുകളെന്ന നിലയിലല്ലാതെ ഗോവയിലും തിരുവനന്തപുരത്തും മേളകള്‍ മാറിയിട്ടുണ്ട്. സിനിമയുടെ അടച്ചിട്ട ധ്യാനനിരതമായ കാ‍ഴ്ച്ചയ്ക്കും ഏകാന്താനന്ദങ്ങള്‍ക്കും അപ്പുറത്ത് നവസമരങ്ങളുടെ വിളനിലങ്ങളാണ് ഇന്ന് ചലച്ചിത്രമേളകള്‍. സിനിമയ്ക്ക് പുറത്ത് പ്രക്ഷോഭകരമായി ബദല്‍ ജീവിതങ്ങളും സമരങ്ങളും നയിക്കുന്നവര്‍ക്ക് ധൈര്യമായി കൂട്ടം ചേരാന്‍ സിനിമ ഇവിടെ ഒരു നിയോഗമാവുകയാണ്. ക‍ഴിഞ്ഞവര്‍ഷം പൂന ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഗോവയില്‍ സമരവും അറസ്റ്റുമുണ്ടായി. രണ്ട് വര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമി‍ഴ് പ്രതിനിധികളെല്ലാം കേരളപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധിച്ചതു പോലെ സങ്കുചിത സമരങ്ങളുടെ വേദിയായും ഗോവ ഇടയക്ക് തകിടം മറിയാറുണ്ട്. എന്തായാലും രാജ്യത്ത്  മുഖ്യധാരായായും ബഹുധാരയായും പ്രാന്തീയമായും നടക്കുന്ന പലതരം സാമൂഹ്യ-രാഷട്രീയ മുന്നേറ്റങ്ങളുടെ നിലപാട് പ്രഖ്യാപനങ്ങളായി ചലച്ചിത്രമേളകള്‍ മാറുന്നത് മേളകള്‍ ഉണര്‍ന്നിരിക്കുന്ന ഒരു ജനതയുടെ കൂടാരമായത് കൊണ്ടാണ്. അവരെ നമുക്ക് പ‍ഴയ അച്ചടക്കത്തിന്‍റെ വാള്‍ കൊണ്ട് അടക്കിയിരുത്താനാവില്ല. ചിന്തകൊണ്ടും  നിലപാട് കൊണ്ടും അന്വേഷണ ബുദ്ധികൊണ്ടും സര്‍ഗ്ഗാത്മകതകൊണ്ടും നിര്‍ഭയതകൊണ്ടും സജീവമായ, അതത് കാലത്തെ ഏറ്റവും പുതിയ തലമുറയാണ് ഓരോ ചലച്ചിത്രമേളയിലും എത്തിക്കൊണ്ടിരിക്കുന്നത്. അവരെ നമുക്ക് എളുപ്പം അവഗണിക്കാനാവില്ല.
———————————————————————————————————–
(2017ല്‍ അകം മാസികയുടെ സിനിമാപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News