രാജ്യം കടുത്ത പട്ടിണിയില്‍; ഭാര്യമാര്‍ക്ക് 175 കോടിയുടെ ആഡംബര കാറുകള്‍ വാങ്ങി ഒരു ഭരണാധികാരി

ഒരു രാജ്യം ഒന്നാകെ കടുത്ത പട്ടിണിയിലേക്ക് നീങ്ങുമ്പോള്‍ ആഡംബരത്തിന് ഒരു കുറവും വരുത്താത്ത ഒരു ഭരണാധികാരിയുണ്ട്. ഇത്തരം ചില തലതിരിഞ്ഞ ഭരണാധികാരികളാണ് ചില രാജ്യങ്ങളുടെ ശാപവും.

ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ഇസ്വാറ്റിനിയില്‍ ദിവസവും ഭക്ഷണം കഴിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ തന്റെ 15 ഭാര്യമാര്‍ക്ക് സഞ്ചരിക്കാന്‍ 175 കോടി രൂപ മുടക്കി റോള്‍സ് റോയ്‌സിന്റെ ആഡംബര കാറുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് രാജാവ് സ്വാറ്റി മൂന്നാമന്‍.

തന്റെ 15 ഭാര്യമാര്‍ക്കായി 18 റോള്‍സ് റോയ്‌സ് ഗോസ്റ്റും തനിക്കായി കസ്റ്റമൈസ് ചെയ്ത കള്ളിനനുമാണ് രാജാവ് വാങ്ങിയത്. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് രാജാവിന്റെ ഈ ധൂര്‍ത്ത്.

ആഡംബര കാറുകളുടെ ആരാധകനായ രാജാവ് 120 ബിഎംഡബ്ല്യുകളും വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വാഹനങ്ങള്‍ വാങ്ങിയത് വിവാദമായതോടെ അഞ്ചു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങുകയാണ് രാജാവ് ചെയ്തതെന്ന വിശദീകരണവുമായി പ്രധാനമന്ത്രിയും എത്തിയിട്ടുണ്ട്.

ഭരണഘടനയില്ലാതെ, പൂര്‍ണമായും രാജകല്‍പനകളെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറിയ ആഫിക്കന്‍ രാജ്യമാണ് കിങ്ഡം ഓഫ് ഇസ്വാറ്റിനി. 1968ലാണ് രാജ്യം ബ്രിട്ടിഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here