വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറി കൂറ്റന്‍ കരടി. കാറിന്റെ ഡോര്‍ തുറന്നാണ് കരടി കാറിനുള്ളില്‍ കയറിയത്. കലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

ഏറെനേരം കാറിനുള്ളില്‍ ചെലവഴിച്ച് പരിശോധനകള്‍ നടത്തിയ ശേഷമാണ് കരടി പുറത്തിറങ്ങിയത്. കാറില്‍ പ്രവേശിക്കുന്ന കരടിയുടെ കൗതുകമാര്‍ന്ന തൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകംതന്നെ വൈറലായി കഴിഞ്ഞു.

കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതു കണ്ട ഉടമ ആദം, ഇതെങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കയറുന്ന കരടിയുടെ ദൃശ്യങ്ങള്‍ കണ്ടത്. കാറിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് നിഗമനം.

കാറിനുള്ളില്‍ കയറി പരിശോധിച്ചെങ്കിലും കരടി കാറിന് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു കരടി കാറിനുള്ളില്‍ കയറുന്നതെന്നും ആദം വ്യക്തമാക്കി.