ഇന്ന് ലോക മത്സ്യത്തൊ‍ഴിലാളി ദിനം; മന്ത്രി ജെ മെ‍ഴ്സിക്കുട്ടിയമ്മയുടെ സന്ദേശം

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വീണ്ടും ഒരു ലോക മത്സ്യത്തൊഴിലാളി ദിനം വന്നെത്തുകയാണ്. മത്സ്യമേഖലയുടെ പ്രാധാന്യം, വിഭവ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് മത്സ്യത്തൊഴിലാളി ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

ലോകത്തിലെ 12 മത്സ്യജൈവ വൈവിധ്യ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തൊട്ടാകെ അറിയപ്പെടുന്ന 26,000 മത്സ്യഇനങ്ങളിൽ 2700 ഇനം മത്സ്യവും ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ കടൽ മത്സ്യഇനങ്ങളുടെ ഏകദേശം 30 ശതമാനവും ശുദ്ധജല മത്സ്യങ്ങളുടെ 25 ശതമാനവും കേരളത്തിലാണ് കണ്ടുവരുന്നത്. എന്നാൽ, നമ്മുടെ മത്സ്യജൈവ സമ്പന്നതയെ നിലനിർത്തുന്ന ഒട്ടുമിക്ക ആവാസ വ്യവസ്ഥകളും മനുഷ്യരുടെ ഇടപെടൽമൂലം തകർച്ചയിലാണെന്നതാണ് സത്യം.

പരിസ്ഥിതി സുസ്ഥിരതയും ആവാസ വ്യവസ്ഥയുടെ നിലനിൽപ്പും ജനിതക സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ മൂന്ന് ഉപാധികളാണ്. ജല ആവാസവ്യവസ്ഥകളുടെ സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പുമായി അഭേദ്യമായി ഇഴചേർന്ന്‌ നിൽക്കുന്നു.

സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ നിലനിൽപ്പിനുതന്നെ ആധാരമായ നമ്മുടെ മത്സ്യമേഖല നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതിനും മത്സ്യജനിതക സമ്പത്ത് വരും തലമുറയ്ക്കായി നിലനിർത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനുമുള്ള നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.

മത്സ്യവിഭവ സംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയ്-ക്കായി നിരവധി നടപടികൾ ഇതിനകംതന്നെ സ്വീകരിച്ചിട്ടുണ്ട്. വർത്തമാനകാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതും അതോടൊപ്പംതന്നെ വരുംതലമുറയുടെ ആവശ്യങ്ങളെ മുന്നിൽകണ്ടുകൊണ്ടുള്ള സുസ്ഥിര വികസനമാണ് സർക്കാരിന്റെ കാഴ്ചപ്പാട്.

അമിത മത്സ്യബന്ധനം ,അശാസ്-ത്രീയമായ മത്സ്യബന്ധന രീതികൾ, വിദേശ യാനങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം തുടങ്ങിയ നിരവധി കാര്യങ്ങൾ കടലിലെ മത്സ്യവിഭവ ശോഷണത്തിനും മത്സ്യ ജനിതക ശോഷണത്തിനുമുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ നടന്ന വികസനങ്ങൾ ആവിഷ്കരിച്ച്‌ നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.

വനത്തിന്റെ അവകാശം ആദിവാസികൾക്കെന്ന മാതൃകയിൽ കടലിലെ മത്സ്യസമ്പത്തിനുള്ള അവകാശം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. ഇതിനായുള്ള നിയമ നിർമാണം അന്തിമ ഘട്ടത്തിലാണ്.ആരോഗ്യത്തിന് ഹാനികരമായ വിവിധ രാസപദാർഥങ്ങൾ അടങ്ങിയ മത്സ്യങ്ങളുടെ ഇറക്കുമതിയും വിപണനവും തടയുന്നതിനുള്ള നടപടികൾ സർക്കാർ നടപ്പാക്കിവരികയാണ്. അതിനുള്ള നിയമനിർമാണവും നടത്തിവരുന്നു.

മത്സ്യബന്ധനത്തിനിടയിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ശുശ്രൂഷ നൽകുന്നതിനും അവരെ ഉടൻതന്നെ കരയിൽ എത്തിക്കുന്നതിനുമുള്ള മറൈൻ ആംബുലൻസ്- ഉടനെ നിലവിൽ വരും.

കടൽ സമ്പത്തിന്റെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണം, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുരോഗതി, മത്സ്യത്തൊഴിലാളികളുടെ ജീവനും സമ്പത്തിനുമുള്ള സംരക്ഷണം, ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ അവകാശം എന്നിങ്ങനെ മത്സ്യബന്ധന മേഖലയിലെ വിവിധ ഘടകങ്ങളെ സംയോജിപ്പിച്ച് പുതിയൊരു മാനം സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ഇതിനായി മത്സ്യത്തൊഴിലാളികളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണം വരുംനാളുകളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here