ബിജെപിയുടെ ഫണ്ട് സമാഹരണം; ‘ഇലക്ടറൽ ബോണ്ട്‌’ വ്യവസ്ഥയിൽ തിരുത്തൽ വരുത്തി പ്രധാനമന്ത്രി കാര്യാലയം

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ തൊട്ടുമുമ്പായി കോർപറേറ്റുകളിൽനിന്ന്‌ വൻതോതിൽ പണം സമാഹരിക്കുന്നതിനായി ‘ഇലക്ടറൽ ബോണ്ട്‌’ വ്യവസ്ഥയിൽ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ട്‌ തിരുത്തൽ വരുത്തിയതായി വെളിപ്പെടുത്തൽ.

2018 മേയിലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനും അതേവർഷം ഡിസംബറിൽ രാജസ്ഥാൻ അടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിനും മുമ്പായാണ്‌ കോർപറേറ്റുകളിൽനിന്ന്‌ പണം നേടുന്നതിനായി തെരഞ്ഞെടുപ്പ്‌ ബോണ്ട്‌ വ്യവസ്ഥ തിരുത്തിയത്‌.

അരുൺ ജെയ്‌റ്റ്‌ലി ധനമന്ത്രിയായിരിക്കെ 2017ലെ ബജറ്റിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ്‌ ബോണ്ട്‌ പദ്ധതി പ്രകാരം വർഷം നാലുവട്ടമാണ്‌ രാഷ്ട്രീയപാർടികൾക്ക്‌ ബോണ്ടുകൾ സ്വീകരിക്കാവുന്നത്‌. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ മാസങ്ങളിലാണിത്‌. ഈ മാസങ്ങളിലെ ആദ്യ 10 ദിവസങ്ങളിലായി എസ്‌ബിഐയിൽനിന്ന്‌ തെരഞ്ഞെടുപ്പ്‌ ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയപാർടികൾക്ക്‌ കൈമാറുന്നതാണ്‌ രീതി.

2018 മെയ്‌ 12നായിരുന്നു കർണാടക തെരഞ്ഞെടുപ്പ്‌. ബോണ്ട്‌ രാജ്യത്ത്‌ ആദ്യമായി പുറപ്പെടുവിച്ചത്‌ അതേ വർഷം മാർച്ചിലാണ്‌. അതുകൊണ്ട്‌ രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമേ അടുത്ത ബോണ്ട്‌ പുറപ്പെടുവിക്കാനാകൂ. എന്നാൽ, ഏപ്രിലിൽ വീണ്ടും ബോണ്ട്‌ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്‌ ധനമന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയായിരുന്നു. ഇത്‌ ചട്ടവിരുദ്ധമാണെന്ന്‌ അന്നത്തെ സാമ്പത്തികകാര്യ സെക്രട്ടറി എസ്‌ സി ഗാർഗ്‌ നിലപാടെടുത്തു.

എന്നാൽ, വൈകാതെ ബോണ്ട്‌ പുറപ്പെടുവിക്കണമെന്ന പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിർദേശം വന്നു. ഇതോടെ ഗാർഗ്‌ നിലപാട്‌ മാറ്റി വീണ്ടും ബോണ്ടുകൾ പുറപ്പെടുവിച്ചു. ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുമ്പും സമാനമായ രീതിയിൽ പിഎംഒ ഇടപെട്ട്‌ ബോണ്ടുകൾ പുറപ്പെടുവിച്ചു.

2018 മാർച്ചുമുതൽ ഇതുവരെ 6128 കോടി രൂപയുടെ തെരഞ്ഞെടുപ്പ്‌ ബോണ്ടുകളാണ്‌ പുറപ്പെടുവിച്ചത്‌. ഇതിൽ 95 ശതമാനത്തിലേറെയും ബിജെപിക്കാണ്‌ ലഭിച്ചത്‌. ബോണ്ടിലൂടെ പാർടികൾക്ക്‌ സംഭാവന ചെയ്യുന്നത്‌ ആരാണെന്നത്‌ അജ്ഞാതമായിരിക്കും. മാത്രമല്ല, എത്ര തുക വേണമെങ്കിലും ബോണ്ട്‌ രൂപത്തിൽ രാഷ്ട്രീയ പാർടികൾക്ക്‌ കൈമാറുകയും ചെയ്യാം.

കള്ളപ്പണം വെളുപ്പിക്കൽ, സംഭാവനകളുടെ സുതാര്യത ഇല്ലാതാകൽ തുടങ്ങിയ കാരണങ്ങളാൽ ആർബിഐയും തെരഞ്ഞെടുപ്പ്‌ കമീഷനും തെരഞ്ഞെടുപ്പ്‌ ബോണ്ടിനെ എതിർത്തിരുന്നു. എന്നാൽ, ഇതൊന്നും വകവയ്‌ക്കാതെയാണ്‌ സർക്കാർ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News