വാളയാര്‍: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വകരിച്ചു

വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വകരിച്ചു. പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അപ്പീല്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.

വാളയാര്‍ കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് ഇന്നലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായതായും കൊലപാതക സാധ്യതയെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിനും ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് പ്രോസിക്യൂഷനും വീഴ്ച്ച സംഭവിച്ചുവെന്നും അപ്പീലില്‍ പറയുന്നുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അന്വേഷണ സംഘം ഗൗരവത്തിലെടുത്തില്ല. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൊലപാതക സാധ്യതയും പരിശോധിച്ചില്ല. ആവശ്യമായ തെളിവുകള്‍ സ്വകാരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി. ഇതാണ് പുനരന്വേഷണ ആവശ്യത്തിന് പിന്നിലെ കാരണങ്ങളെന്നും സര്‍ക്കാര്‍ അപ്പീലില്‍ വിശദീകരിച്ചിരുന്നു.

അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.ഇതിന് മുന്നോടിയായാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് നാല് പ്രതികള്‍ക്കും കോടതി നോട്ടീസയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here