വിഷ്ണുവിന് ബോള്‍ട്ടിനെപ്പോലെ കുതിക്കാം; സഹായവുമായി മന്ത്രി എ കെ ബാലന്‍

ട്രാക്കില്‍ വിഷ്ണുവിന് ബോള്‍ട്ടിനെപ്പോലെ വിജയക്കുതിപ്പ് തുടരാം. ജീവിത വഴിയിലെ പ്രതിബന്ധങ്ങള്‍ ഇനി നോവാകില്ല. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ 400, 200 മീറ്ററില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെള്ളിയും നേടിയ വെള്ളായണി ശ്രീഅയ്യങ്കാളി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥി വിഷ്ണുവിന് വീടും സ്ഥലവും നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രി എ കെ ബാലന്‍ പട്ടികവര്‍ഗ ഡയറക്ടര്‍ പുകഴേന്തിയെ കണ്ട ശേഷമാണ് തീരുമാനം. വിഷ്ണുവിന് വീടും സ്ഥലവും നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പ്രത്യേക ഉത്തരവ് ഇറക്കും. സ്ഥലത്തിനായുള്ള അന്വേഷണം തുടങ്ങി. ദേശാഭിമാനി ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച മുണ്ടക്കൊല്ലിയിലെ ബോള്‍ട്ട് എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി എ കെ ബാലന്‍, വീടിനൊപ്പം വിഷ്ണുവിന് മികച്ച കായിക പരിശീലനവും വാഗ്ദാനം ചെയ്തു.

കണ്ണൂര്‍ ഐടിഡിസി പ്രൊജക്ട് ഓഫീസര്‍ വിഷ്ണുവിനെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മികച്ച കായിക പരിശീലനം ലഭ്യമാക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുമായും ഡയറക്ടര്‍ ചര്‍ച്ച നടത്തി.

സ്പോര്‍ട്സ് കൗണ്‍സില്‍ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭ്യമാക്കാനും ധാരണയായി. പഠനം അയ്യങ്കാളി സ്‌കൂളില്‍ തുടരും. വയനാട് മുണ്ടക്കൊല്ലി സ്വദേശിയാണ് വിഷ്ണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News