സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധം; ഫിറോസ് ഖാന്‍ വാരാണസി വിട്ടു

സംസ്‌കൃത വിഭാഗത്തില്‍ മുസ്ലിം അധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്‌കൃതം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം പ്രൊഫസര്‍ ഫിറോസ് ഖാന്‍ വാരാണസി വിട്ട് സ്വന്തം നാട്ടിലേക്ക് പോയി. വാരാണസി വിട്ട് തന്റെ സ്വന്തം നാടായ ജയ്പൂരിലേക്കാണ് അദ്ദേഹം പോയത്.

സമരം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം ക്യാമ്പസിനകത്ത് പ്രവേശിക്കാറില്ലായിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ രാകേഷ് ഭട്‌നഗറിന്റെ കാറിനു നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിയാന്‍ ശ്രമിച്ചതാണ് അധ്യാപകനെ വാരാണസി വിറ്റാന്‍ പ്രേരിപ്പിച്ച്. തനിക്ക് നേരെയും ആക്രമണമുണ്ടാവാം എന്ന് ഭയന്നാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് പോയത്. അതേ സമയം, അധ്യാപകനെ മാറ്റുന്നതു വരെ സമരം തുടരാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്.

അധ്യാപകന്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം തിരികെ വരുമെന്ന് അധികൃതര്‍ അറിയിച്ചു.നവംബര്‍ ആറിനാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. സംസ്‌കൃത വിഭാഗത്തിലേക്ക് മുസ്ലിങ്ങള്‍ പ്രവേശിക്കരുതെന്നാവശ്യപ്പെട്ടാണ് സര്‍വകലാശാലയിലെ പുതിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഫിറോസ് ഖാനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. നവംബര്‍ ആറിന് ഫിറോസ് ഖാനെ നിയമിച്ചതിനു ശേഷം ക്ലാസുകളൊന്നും നടന്നിട്ടില്ല. അന്നു മുതല്‍ അധ്യാപകനെ നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here