ഷെയിന്‍ നിഗത്തിന് വിലക്ക്? ഇനി സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് ഷെയിന്‍ എത്താത്തതിനെത്തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പുതിയ സിനിമകളില്‍ ഷെയിനിനെ അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ അമ്മയെ അറിയിച്ചു.

ഷെയിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്നും ലൊക്കേഷനില്‍ എത്താത്തത് കൊണ്ട് വെയിന്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വക്താക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വെയില്‍ സിനിമയുടെ ലൊക്കേഷനിലെത്തിയ ഷെയിന്‍ കുറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് പുറത്തു പോയെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷെയിനിനെ അന്വേഷിച്ച സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്.

ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ, അപ്പോള്‍ അനുഭവിച്ചോളുമെന്നും ഷെയിന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള തര്‍ക്കം, നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ പരിഹരിച്ചിരുന്നു.

നിര്‍മാണത്തിലുള്ള രണ്ടുചിത്രങ്ങള്‍ കരാര്‍പ്രകാരം പൂര്‍ത്തീകരിക്കാന്‍ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വ്യവസ്ഥയാണ് ഷെയിന്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ജോബി ജോര്‍ജ്ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News