എം ജെ രാധാകൃഷണനെ ഗോവ ചലച്ചിത്രമേള ഓര്‍ക്കുന്നു; വെയില്‍ മരങ്ങളുടെ പ്രദര്‍ശനം 24 ന് രാവിലെ 8.45ന്

വാക്കുകള്‍ക്കും ഭാവനകള്‍ക്കും മുമ്പേ സഞ്ചരിക്കുന്ന അത്ഭുത ഛായാഗ്രഹണ സിദ്ധി കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ ക്യാമറാ കലാകാരന്‍ എം ജെ രാധാകൃഷ്ണനെ ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേള ആദരിക്കും. എം ജെ ക്ക് ആദരമായി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ നവംബര്‍ 24 ന് പ്രദര്‍ശിപ്പിക്കും. പനാജി ഐനോക്‌സിലെ സ്‌ക്രീന്‍ നാലില്‍ രാവിലെ 8.45 നാണ് പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാമറാമാനുള്ള ദേശീയ പുരസ്‌കാരത്തിനും സമഗ്ര സംഭാവനയ്ക്ക് ചൈനയില്‍ നിന്ന് ലഭിച്ച പുരസ്‌കാരങ്ങള്‍ക്കും പിന്നാലെ എംജെ ക്ക് ലഭിക്കുന്ന മൂന്നാമത്തെ മരണാനന്തര ആദരമാണ് വെയില്‍ മരങ്ങളുടെ പ്രദര്‍ശനം. ഹിമാചലിന്റെയും കേരളത്തിന്റെയും രണ്ട് കാലങ്ങളിലൂടെ സഞ്ചരിക്കുന്ന എംജെയുടെ ക്യാമറാ വൈഭവത്തെ ആഴത്തില്‍ അനുഭവിക്കാവുന്ന ചലച്ചിത്ര രചന കൂടിയാണ് വെയില്‍ മരങ്ങള്‍.

മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സംവിധായകനാണ് എം ജെ. അതു കൊണ്ട് തന്നെ ഗോവ നല്‍കുന്ന ആദരത്തിന് പ്രതിനിധികള്‍ വലിയ പ്രാധാന്യം കാണുന്നുണ്ട്.

2008 ല്‍ ന്യൂ യോര്‍ക്കിലെ സൗത്ത് ഏഷ്യന്‍ ചലച്ചിത്രമേളയിലും (ബയോസ്‌കോപ്) , 2011 ല്‍ സാന്‍സിബാര്‍ ചലച്ചിത്ര മേളയിലും (വീട്ടിലേക്കുള്ള വഴി), 2013 ല്‍ മെക്‌സിക്കോയിലെ ഓക്സാകാ ചലച്ചിത്ര മേളയിലും (പപ്പിലിയോ ബുദ്ധ) , 2015 ല്‍ റഷ്യയിലെ കസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും (പേരറിയാത്തവര്‍) 2016 ലും 2017 ലും ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ഇന്ത്യന്‍ ഇന്റ്റര്‍നാഷണല്‍ ചലച്ചിത്ര മേളയി (വലിയ ചിറകുള്ള പക്ഷികള്‍, സൗണ്ട് ഓഫ് സൈലന്‍സ്) ലും എം ജെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പതിനഞ്ച് തവണ എം ജെ ക്യാമറ ചെയ്ത ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും 25 തവണ ഇന്ത്യന്‍ പനോരമ പ്രവേശനവും ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ സ്വതന്ത്ര സിനിമയുടെയുടെയും കലാമൂല്യമുള്ള സമാന്തരസിനിമകളുടെയും ശക്തിയായിരുന്നു എംജെയുടെ ക്യാമറ. അരവിന്ദന്‍ , അടൂര്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍, രഞ്ജിത്ത്, ജയരാജ് തുടങ്ങി പല ശൈലിവല്ലഭന്മാരായ സംവിധായകര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ബിജുവിന്റെ ഏതാണ്ടെല്ലാ സിനിമകളുടെയും ക്യാമറക്കണ്ണുകളും എം ജെയാണ്.

മലയാളത്തിലെ പുതുമുഖ സംവിധായകര്‍ക്ക് എപ്പോഴും കൈയ്യെത്താവുന്ന അകലത്തിലുണ്ടായിരുന്ന ഛായാഗ്രഹകനുമായിരുന്നു എംജെ. പണത്തിനോ പ്രശസ്തിക്കോ മുന്നില്‍ അദ്ദേഹം തല കുനിച്ചിരുന്നില്ല. എപ്പോഴും ചലച്ചിത്രമേളകള്‍ പങ്കുവെക്കുന്ന സംസ്‌കാരത്തിന്റെ ഏറ്റവും പ്രസാദത്മക സാന്നിധ്യവുമായിരുന്നു അദ്ദേഹം.
അതു കൊണ്ട് എല്ലാ ചലച്ചിത്രമേളകളും കടന്നു വരുമ്പോള്‍ എം ജെയുടെ ഓര്‍മ്മ പ്രിയപ്പെട്ടവര്‍ക്ക് ഒരു വിങ്ങലാണ്. മലയാളികള്‍ ഏറ്റവും കൂടുതലെത്തുന്ന ഗോവയിലെ മേളയില്‍ എം ജെ യെ ഓര്‍ക്കാനും വെയില്‍ മരങ്ങളുടെ തണലിലിരിക്കാനും വലിയൊരു നിര കാണികളെ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here