മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ പറ്റി മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ച് നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്‍കി.

മലയാളം ഇന്നോളം കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ മാമാങ്കം റിലീസ് ആവും മുന്‍പെ സിനിമയെ പറ്റി മോശം റിവ്യു സോഷ്യല്‍ മീഡിയയില്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് ചൂണ്ടികാട്ടിയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

സിനിമയെ തകര്‍ക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി സംശയം ഉണ്ടെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യം ഉന്നയിച്ചാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുര്‍ദീന് പരാതി നല്‍കിയത്.

ഇനിയും റീലീസ് ആവാത്ത സിനിമയെ പറ്റി മുന്‍പ് സിനിമ കണ്ട രൂപത്തിലാണ് ചില ഫെയ്‌സ്ബുക്ക് ഐഡികളില്‍ നിന്ന് റിവ്യൂ എഴുതിയിരിക്കുന്നത്. ഇതിന് പിന്നില്‍ സംഘടിതമായ ഇടപെടലുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. സിനിമയെ തകര്‍ക്കാന്‍ ഗൂഢനീക്കമുണ്ടെന്ന് നിര്‍മ്മാതാവായ വേണുകുന്നപളളി കൈരളി ന്യൂസിനോട് പറഞ്ഞു

സിനിമയുടെ തിരകഥാകൃത്തും, മുന്‍സംവിധായകനുമായ സജീവ് പിളളക്കെതിരെയും പരാതിയില്‍ പരാമര്‍ശം ഉണ്ട്. നിര്‍മ്മാതാക്കളുടെ പരാതി ഡിഐജി സഞ്ജയ് കുമാര്‍ ഗുര്‍ദ്ദീന്‍ തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് കൈമാറി.

55 കോടി രൂപ മുതല്‍ മുടക്കില്‍ നാല് ഇന്ത്യന്‍ ഭാഷകളിലായി ലോകത്തെബാടുമായി 2000 കേന്ദ്രങ്ങളിലാണ് വരുന്ന ഡിസംബര്‍ 12ന് മാമാങ്കം റിലീസ് ചെയ്യുന്നത്.