‘നിങ്ങള്‍ എവിടുത്തെ എംഎല്‍എ ആണ്?, പ്രാദേശിക ഫണ്ട് എങ്ങോട്ടാ പോവുന്നേ?’; ബത്തേരിക്കാര്‍ ഐ സി ബാലകൃഷ്ണനോട് ചോദിക്കുന്നു

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വ്വജന ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല
ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സ്‌കൂളിന്റെ ദുരവസ്ഥയില്‍ സഹായമെത്തിക്കാനോ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ നടത്താനോ തയാറാവാത്ത ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അനാസ്ഥയ്‌ക്കെതിരായാണ് നാട്ടുകാരുടെ പ്രതിഷേധം.

വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് എംഎല്‍എ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനോടും കടുത്ത ഭാഷയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്താകെ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ആധുനിക രീതിയിലേക്ക് മാറുകയും ഓരോ എംഎല്‍എമാരും അതിനായി പരിശ്രമിക്കുമ്പോഴും ബത്തേരി എംഎല്‍എ എന്ത് ചെയ്യുകയാണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. സ്വന്തം മണ്ഡലത്തിലെ സ്‌കൂളുകള്‍ പോലും ശ്രദ്ധിക്കാനാവാത്ത എംഎല്‍എ രാജിവച്ച് പോകണമെന്നും വിമര്‍ശനമുയരുന്നുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബത്തേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളാണ് ഐ സി ബാലകൃഷ്ണന്‍. ഇത്രയും നാള്‍ എംഎല്‍എ ആയിട്ടും മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. ബത്തേരി എംഎല്‍എ ആരാണെന്നറിയാന്‍ ഒരു കുഞ്ഞിന് ജീവന്‍ നഷ്ടമാകേണ്ടി വന്നിരിക്കുന്നുവെന്നുമുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പൊതുജനങ്ങളില്‍ നിന്നും ഉയരുന്നത്. സ്‌കൂളിനെ തിരിഞ്ഞു നോക്കാത്ത ജില്ലാ പഞ്ചായത്തിനെതിരെയും ജനങ്ങള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒരിടത്തും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പൊതു സമൂഹത്തിനുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ കൈക്കൊള്ളണമെന്ന് മുഴുവന്‍ വിദ്യാലയ അധികൃതരോടും ആവശ്യപ്പെടുന്നതായുമാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here