
തിരുവനന്തപുരം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി എസ് രാജനെ കേരള ബാങ്ക് സിഇഒ ആയി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റി എംഡി എം കൗശിഗനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുതമല കൂടി ഇദ്ദേഹം വഹിക്കും. ജലവിഭവ സെക്രട്ടറി ഡോ. ബി അശോകിന് കേരള വാട്ടര്‍ അതോറിറ്റി എംഡിയുടെ അധിക ചുമതല നല്‍കും.
കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ രാജമാണിക്യത്തിന് കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതല നല്‍കും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സി എം നാസറിന്റെ നിയമന കാലാവധി നവംബര്‍ 14 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016-ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം കെടിഡിസിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ തീരുമാനിച്ചു.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്റെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here