ബിപിസിഎൽ അടക്കം വൻലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രമന്ത്രിസഭാതീരുമാനം രാജ്യത്തിന്റെ പരമാധികാരം തകർക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
ബിപിസിഎൽ ജീവനക്കാരുടെ യൂണിയനുകൾ 28ന് ആഹ്വാനംചെയ്‌ത രാജ്യവ്യാപകപണിമുടക്കിന് സിപിഐ എം പിന്തുണ പ്രഖ്യാപിച്ചു. പൊതുമേഖലാ ഓഹരിവിൽപ്പനയ്‌ക്കെതിരെ ഡിസംബറിൽ പ്രതിഷേധമാസാചാരണത്തിന് നേരത്തെ ആഹ്വാനം നൽകിയിട്ടുണ്ട്.
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, ടിഎച്ച്‌ഡിസിഐഎൽ, നോർത്ത് ഈസ്‌റ്റേൺ ഇലക്‌ട്രിക് പവർ കോർപറേഷൻ എന്നിവയും കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചു. ഉരുക്ക്, എൻജിനിയറിങ്, നിർമാണം, വ്യോമയാനം, റെയിൽവേ, തുറമുഖം, ഇലക്‌ട്രോണിക്, പ്രതിരോധനിർമാണം തുടങ്ങിയ മേഖലകളിലെ 28 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും കേന്ദ്രം വിൽക്കാൻ തീരുമാനിച്ചു.
സർക്കാരിന്റെ അനാവശ്യച്ചെലവിന് പണം കണ്ടെത്താൻ പൊതുമേഖല ആസ്‌തികൾ വിറ്റ് 1.10 ലക്ഷംകോടി രൂപ കണ്ടെത്താനാണ് നീക്കം. മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ശിങ്കിടിമുതലാളിമാർക്ക് വിൽക്കുന്നത് സമ്പദ്‌ഘടനയുടെ തന്ത്രപ്രധാനമേഖലകളിൽ അവർക്ക് നിയന്ത്രണം ലഭിക്കുന്നതിന് ഇടയാക്കും.
രാജ്യം കുത്തുപാളയെടുക്കുന്നതിന് കാരണമാകുന്ന തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്നും പിബി ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.