രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് രജപക്‌സ കുടുംബം; ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു

തമിഴ്പുലികളെ വന്യമായി അടിച്ചമര്‍ത്തിയ രജപക്‌സ കുടുംബത്തിന്റെ രാഷ്ട്രീയ ആധിപത്യം അരക്കിട്ടുറപ്പിച്ച് ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്റ് ഗോതബായ രജപക്‌സ ജ്യേഷ്ഠന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി മഹിന്ദ ചുമതല നിര്‍‌വഹിച്ചു തുടങ്ങി.

2020 ആഗസ്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തും വരെ എഴുപത്തിനാലുകാരന്റെ നേതൃത്വത്തിലുള്ള കാവല്‍മന്ത്രിസഭ ലങ്ക ഭരിക്കും. 15 അംഗ മന്ത്രിസഭ വെള്ളിയാഴ്ച നിലവില്‍ വരും. പാർ‌ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത കാവല്‍ മന്ത്രിസഭയ്ക്ക് ദൈനംദിന കാര്യങ്ങളിലെ തീരുമാനങ്ങള്‍ എടുക്കാന്‍മാത്രമാണ് ഭരണഘടനാപരമായ അധികാരം.

പ്രസിഡന്റായി ഗോതബായ രജപക്‌സ സത്യപ്രതിജ്ഞചെയ്ത് മൂന്നാംദിനത്തിലാണ് മഹിന്ദ അധികാരമേല്‍ക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎന്‍പി തോല്‍‌വി ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിപദം രാജിവച്ചതിന്‌ തൊട്ടുപിന്നാലെ മഹിന്ദ രജപക്‌സ അധികാരമേറ്റു.

പ്രസിഡന്റിന്റെ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരയായ റെനില്‍ വിക്രമസിംഗെ, മൈത്രിപാല സിരിസേന തുടങ്ങിയവര്‍ പങ്കെടുത്തു. മഹിന്ദ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നത് രണ്ടാംതവണ. രാജ്യം രൂക്ഷമായ രാഷ്ട്രീയപ്രതിസന്ധി നേരിട്ട 2018ല്‍ മാസങ്ങള്‍മാത്രമായിരുന്നു ആദ്യ ഊഴം. 2005 മുതല്‍ 2015 വരെ പ്രസിഡന്റായി.

അധികാരമേറ്റതിനു പിന്നാലെ രാജ്യത്തെ പ്രബലവിഭാഗമായ ബുദ്ധമതത്തിലെ ആത്മീയ ആചാര്യര്‍ക്കും സിംഹള സമുദായത്തിനുമാണ് ഗോതബായ നന്ദി അറിയിച്ചത്. എല്ലാ സമുദായത്തെയും സംരക്ഷിക്കുമെങ്കിലും ബുദ്ധമതത്തിനായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ഗോതബായയുടെ പ്രതികരണം ന്യൂനപക്ഷവിഭാഗങ്ങളെ ആശങ്കയിലാക്കി. ശ്രീലങ്കയിലെ 2.1 കോടി ആളുകളില്‍ പത്തുശതമാനം മാത്രമാണ് മുസ്ലിംവിഭാഗം.

ജനസംഖ്യയില്‍ 12 ശതമാനം ഹിന്ദുമതവിശ്വാസികളാണ്. ഇവര്‍ പ്രധാനമായും തമിഴ്‌ന്യൂനപക്ഷമാണ്. ഏഴുശതമാനം ക്രൈസ്തവരുമുണ്ട്. മഹിന്ദ രജപക്‌സ പ്രസിഡന്റും ഗോതബായ പ്രതിരോധസെക്രട്ടറിയുമായിരുന്ന കാലത്താണ് എല്‍ടിടിഇ വേട്ടയുടെ ഭാഗമായി തമിഴ്‌ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടത്.

രജപക്‌സ പ്രസിഡന്റായിരിക്കെയാണ് അന്തര്‍ദേശീയതലത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മനുഷ്യാവകാശപ്രശ്‌നങ്ങള്‍ വ്യാപകമായി ഉയര്‍ന്നിട്ടുള്ളത്. 2009 മെയില്‍ അവസാനിച്ച എല്‍ടിടി വേട്ടയ്ക്കിടെ ലങ്കന്‍ സൈന്യം ചെയ്തുകൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെ രജപക്‌സ സഹോദരങ്ങള്‍ ന്യായീകരിക്കാനാണ് ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel