മാവോയിസ്റ്റ് വഴി തെറ്റ്; അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനപ്രകാരമല്ല; കോടിയേരി ബാലകൃഷ്ണൻ

ദേശാഭിമാനിയിലെ നേർവ‍ഴി പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം:

മാവോവാദികളോടുള്ള സിപിഐഎം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സർക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തിൽ സിപിഐ എമ്മും സംസ്ഥാന സർക്കാരും രണ്ടു തട്ടിലാണോ‐ ഇപ്രകാരമുള്ള കുറേ ചോദ്യങ്ങൾ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ട്.

അതിനെല്ലാം ഇടയാക്കിയത് അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവവും കോഴിക്കോട്ട് രണ്ട് വിദ്യാർഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതുമാണ്. ഈ വിഷയങ്ങളിൽ സാമാന്യമായ വിശദീകരണം ഇപ്രകാരം നൽകാം.

ഒന്ന്‐പണ്ട് നക്സലൈറ്റുകളെ എന്നപോലെ ഇപ്പോൾ മാവോയിസ്റ്റുകളെയും യഥാർഥ മാർക്സിസ്റ്റ്‐ ലെനിനിസ്റ്റുകാരായി സിപിഐ എം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലന സിദ്ധാന്തവുമായാണ് മാവോയിസ്റ്റുകൾ നിലകൊണ്ടത്. അവരിൽ നല്ലൊരു വിഭാഗം അനുഭവങ്ങളിൽനിന്ന് തെറ്റ് ബോധ്യമായി വ്യക്തികളെ വകവരുത്തുന്ന തോക്കുരാഷ്ട്രീയം ഉപേക്ഷിച്ച് പാർലമെന്ററി ‐ പാർലമെന്ററിയിതര മാർഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്ലവപാതയിലേക്ക് വന്നിട്ടുണ്ട്.

അത്തരം സംഘടനകളോടും പ്രവർത്തകരോടും സഹകരിക്കാൻ സിപിഐ എം തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശാഖപട്ടണത്ത് നടന്ന സിപിഐ എം പാർടി കോൺഗ്രസിൽ ഐക്യദാർഢ്യം അറിയിക്കാൻ സിപിഐ എംഎൽ പ്രതിനിധി വരികയും അഭിവാദ്യപ്രസംഗം നടത്തുകയും ചെയ്തത്.

ഇത് വ്യക്തമാക്കുന്നത് മാവോയിസ്റ്റുകളെ വർഗശത്രുവായി സിപിഐ എം വിലയിരുത്തുന്നില്ലായെന്നാണ്. എന്നാൽ, അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളിൽ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകൾ “തോക്കിൻ കുഴലിലൂടെ വിപ്ലവം’ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ മാവോവാദികൾ നീങ്ങിയിരുന്നു.

എന്നാൽ, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള താവളമാക്കാൻ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജൻഡയാണ് വെളിവാകുന്നത്. ഇന്ത്യയിൽ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം.

അതിന് കോർപറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാർവദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികൾക്ക് കിട്ടുന്നുണ്ട്. തീവ്രമായ ഈ അടിയൊഴുക്കിന്റെ രാഷ്ട്രീയം തമസ്കരിച്ച് അട്ടപ്പാടി സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കാണരുത്.

രണ്ട് ‐ മാവോയിസ്റ്റുകൾക്ക് എതിരെയുള്ള അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ, പിണറായി വിജയൻ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പക്ഷേ, സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കപ്പെടണമെന്നും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്നതിലും എൽഡിഎഫിനും അതിന്റെ സർക്കാരിനും ഉറച്ച രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്നതാണ് കേരളത്തെ മാവോയിസ്റ്റുകളുടെ താവളമാക്കാനുള്ള നീക്കം.

ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ആയുധമേന്തിയ മാവോയിസ്റ്റുകളുടെ പ്രവർത്തനകേന്ദ്രമായി കേരളത്തിലെ ഏതാനും ജില്ലകളെ മാറ്റുന്നത്, നാളെ ഗുരുതരമായ ക്രമസമാധാന പ്രശ്നത്തിന് കാരണമാകും. മന്ത്രിയെ, പ്രതിപക്ഷ നേതാവിനെ, ഐഎഎസ് ‐ ഐപിഎസ് ഉദ്യോഗസ്ഥരെ, അവരുടെ ബന്ധുക്കളെയൊക്കെ തട്ടിക്കൊണ്ടുപോകാനോ, കൊല്ലാനോ ഒരു മടിയും ഇക്കൂട്ടർ കാണിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടിനുള്ളിൽ 12,000ലധികം പേരെയാണ് മാവോയിസ്റ്റുകൾ കൊന്നത്.

അതിൽ സൈനികരും അർധ സൈനികരും പൊലീസുകാരും 1300 പേരാണ്. അതിന്റെ എത്രയോ മടങ്ങ് ആദിവാസികളും സാധാരണക്കാരും ഇടതുപക്ഷക്കാരും കൊല്ലപ്പെട്ടു. പശ്ചിമബംഗാളിൽ മാത്രം ആയിരക്കണക്കിന് സിപിഐ എം പ്രവർത്തകരെ കശാപ്പുചെയ്തു.

പശ്ചിമബംഗാളിൽ ഇടതുപക്ഷ ഭരണകാലത്ത് മമത ബാനർജിയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മാവോയിസ്റ്റുകൾ സിപിഐ എം പ്രവർത്തകരുടെ ജീവനെടുത്ത് ആക്രമണപരമ്പര സൃഷ്ടിച്ചതെന്ന് പ്രത്യേകം ഓർക്കണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വധഭീഷണി പുറപ്പെടുവിക്കുന്നിടത്തുവരെ, മാവോയിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരുദ്ധത ഇവിടെയും വളർന്നിരിക്കുകയാണ്. മാവോയിസ്റ്റ് ആക്രമണങ്ങൾക്കുള്ള തറയൊരുക്കം തകർക്കാനുള്ള നിയമപരമായ ക്രമസമാധാനപരിപാലന ചുമതല നിർവഹിക്കേണ്ട ഉത്തരാവാദിത്തം കേരള പൊലീസിനുണ്ട്.

തോക്കും മറ്റ് ആയുധങ്ങളുമായി സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിലെ കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകൾ യഥാർഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇക്കൂട്ടർ അരാജകവാദികളും യഥാർഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവർഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അതായത് ആയുധമേന്തിയവരാണെങ്കിൽ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എൽഡിഎഫിനോ, സിപിഐ എമ്മിനോ ഇല്ല.

കീഴടങ്ങാൻ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികൾ നിയമവിധേയരായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ അതിനെ തടയുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിൽനിന്നും ഉണ്ടാകില്ല

മൂന്ന് ‐ പൊലീസ് കസ്റ്റഡിയിലുള്ളവരെ വെടിവച്ചു കൊന്നിട്ട്, ഏറ്റുമുട്ടൽ കൊലയെന്ന് വ്യാജമായി ചിത്രീകരിക്കുന്ന പൊലീസ് രീതി ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ട്. സായുധസേനയെക്കൊണ്ട് ഏകപക്ഷീയമായി വേട്ടയാടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്ന അത്തരം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭരണനയം എൽഡിഎഫിനോ, എൽഡിഎഫ് സർക്കാരിനോ ഇല്ല. എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങൾ അടിച്ചമർത്താമെന്ന മൗഢ്യം സിപിഐ എമ്മിനില്ല.

അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ മരണത്തെപ്പറ്റി മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം സുഗമമായി നടക്കട്ടെ. കീഴടങ്ങാൻ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികൾ നിയമവിധേയരായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ അതിനെ തടയുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിൽനിന്നും ഉണ്ടാകില്ല. ആയുധം താഴെവയ്ക്കാൻ മാവോവാദികൾ തയ്യാറായാൽ അതിനോട് പിണറായി വിജയൻ സർക്കാർ ക്രിയാത്മകമായി പ്രതികരിക്കും.

നാല് ‐യുഎപിഎയുടെ മറവിൽ സിപിഐ എമ്മിനെയും എൽഡിഎഫ് സർക്കാരിനെയും, വിശിഷ്യ മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാൻ വ്യത്യസ്ത കോണുകളിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധർ കൈകോർത്തിട്ടുണ്ട്. സിപിഐ എം അംഗങ്ങളായ കോഴിക്കോട്ടെ രണ്ട് വിദ്യാർഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതിൽ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന ഒരു ഘടകമുണ്ട്. യുഎപിഎ ഒരു കരിനിയമം ആണെന്നതിൽ സിപിഐ എമ്മിന് ഒരു സംശയവുമില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർടിയും രണ്ടു തട്ടിലെന്നവിധത്തിലള്ള ചിത്രീകരണം അസംബന്ധമാണ്.

ഈ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ല. ഒരു കേസുണ്ടായാൽ അതിൽ ഏത് വകുപ്പെന്നത് പൊലീസ് നിശ്ചയിക്കുന്നത് അവരുടെ നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ ഇനി സർക്കാരിന് കഴിയൂ. അത് സർക്കാർ ചെയ്യും. നേരത്തെ ചിലർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിച്ച് തിരുത്തിയ അനുഭവം മറക്കരുത്.

തീവ്രവാദികൾ ഉൾപ്പെടെയുള്ള ആശയവ്യതിയാനക്കാർ സിപിഐഎം ഉൾപ്പെടെയുള്ള കക്ഷികളിൽ ചേക്കേറിയിട്ടുണ്ടോയെന്ന പരിശോധന അതത് പാർടികൾ നടത്തണമെന്നതാണ് ഇക്കാര്യത്തിലെ രാഷ്ട്രീയമായ മുന്നറിയിപ്പിന്റെ വിഷയം. എന്നാൽ, ആശയവ്യതിയാനം ഉണ്ടാകുന്നവരെ ശരിയായ പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് എത്തിക്കണമെന്നതാണ് ഈ പരിശോധനയിൽ സിപിഐ എം നൽകുന്ന പ്രധാന ഊന്നൽ. തെറ്റ് തിരുത്താൻ തയ്യാറാകാത്തവരെ ഒപ്പം കൊണ്ടുപോകാനാകില്ലതാനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here