ദേശീയ പൗരത്വപട്ടിക വ്യാപിപ്പിക്കരുത്; മോദി സർക്കാർ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ ബ്യൂറോ

ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തിൽനിന്ന്‌ നരേന്ദ്ര മോദി സർക്കാർ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യം മുഴുവനും എൻആർസി നടപ്പാക്കുമെന്നും അസമിൽ ഈ പ്രക്രിയ ആവർത്തിക്കുമെന്നുമാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാർലമെന്റിൽ പ്രസ്‌താവിച്ചത്‌.

ദേശീയ ജനസംഖ്യാ രജിസ്‌ട്രിയുടെ (എൻപിആർ) വിവരശേഖരണം അടുത്ത ഏപ്രിൽ ഒന്നിന്‌ ആരംഭിക്കുന്നതോടൊപ്പം എൻആർസിക്കും തുടക്കമാകും. എൻപിആറിന്റെ അടിസ്ഥാനത്തിൽ എൻആർസിക്ക്‌ അന്തിമരൂപം നൽകും. ആധാറും വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകളും നിലവിലുള്ളപ്പോൾ പുതിയ സംവിധാനം അനാവശ്യവും പാഴ്‌ചെലവുമാണ്‌. ‘വിദേശികൾ’ എന്ന്‌ മുദ്രയടിച്ച്‌ വേട്ടയാടാനുള്ള ഭരണകക്ഷി അജൻഡ നടപ്പാക്കാനാണിത്‌.

അസമിൽ എൻആർസി തയ്യാറാക്കാൻ 1600 കോടി രൂപ ചെലവിട്ടു. പട്ടികയിൽനിന്ന്‌ പുറത്തായ ഇന്ത്യൻ പൗരന്മാരെ ഇതിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. എൻആർസി പ്രക്രിയ ആവർത്തിക്കുന്നത്‌ അസമിൽ കടുത്ത ദുരിതം അടിച്ചേൽപ്പിക്കാനും വിവിധ വിഭാഗങ്ങളിൽ അരക്ഷിതത്വം ഉണ്ടാകാനും ഇടയാക്കും. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയെന്ന ബിജെപി അജൻഡയെ സഹായിക്കുന്ന നടപടി മാത്രമാണിതെന്നും -പിബി പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel