തെരഞ്ഞെടുപ്പ്‌ ബോണ്ടുകൾക്ക്‌ രഹസ്യ സ്വഭാവം; കേന്ദ്രസർക്കാർ അവകാശവാദം പൊളിയുന്നു

രാഷ്ട്രീയ പാർടികൾക്ക്‌ ഫണ്ട്‌ സ്വീകരിക്കാവുന്ന തെരഞ്ഞെടുപ്പ്‌ ബോണ്ടുകൾക്ക്‌ രഹസ്യ സ്വഭാവമുണ്ടെന്ന കേന്ദ്രസർക്കാർ അവകാശവാദം പൊളിയുന്നു. ബിജെപിക്ക്‌ കോർപറേറ്റുകളിൽനിന്ന്‌ കോടികൾ ലഭിക്കുന്നതിന്‌ വഴിയൊരുക്കിയ തെരഞ്ഞെടുപ്പ്‌ ബോണ്ടുകളുടെ കൈമാറ്റ വിവരങ്ങൾ എസ്‌ബിഐക്കും അതുവഴി സർക്കാരിനും അറിയാമെന്ന്‌ വിവരാവകാശ രേഖ.

ബോണ്ടുകൾക്ക്‌ പൂർണ രഹസ്യസ്വഭാവമുണ്ടാകുമെന്നാണ്‌ 2017 ബജറ്റ്‌ അവതരിപ്പിച്ച്‌ അരുൺ ജെയ്‌റ്റ്‌ലി അവകാശപ്പെട്ടത്‌. ബോണ്ട്‌ ആരാണ്‌ വാങ്ങുന്നതെന്നും ഏത്‌ പാർടിക്കാണ്‌ നൽകുന്നതെന്നും അറിയാനാകില്ലെന്നാണ്‌ ജെയ്‌റ്റ്‌ലി പറഞ്ഞത്‌. അതുകൊണ്ട്‌ ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാർടികൾക്കും പദ്ധതി ഒരുപോലെ ഗുണപ്രദമാകുമെന്നായിരുന്നു അവകാശവാദം.

2018 മാർച്ചിൽ ബോണ്ടുകൾ ആദ്യമായി പുറത്തിറക്കിയപ്പോൾ രഹസ്യനമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. വാർത്ത പുറത്തുവന്നയുടൻ സർക്കാർ നിഷേധക്കുറിപ്പിറക്കി. ബോണ്ടിലെ നമ്പർ എസ്‌ബിഐ എവിടെയും രേഖപ്പെടുത്താറില്ലെന്നായിരുന്നു വിശദീകരണം.

ഇപ്പോൾ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്‌ ബോണ്ടിലെ അക്കം എസ്‌ബിഐ രേഖപ്പെടുത്തുന്നുണ്ടെന്നാണ്‌. ബോണ്ട്‌ ഏതുരൂപത്തിൽ വേണമെന്ന്‌ ചർച്ചകൾ നടന്ന 2018 ജനുവരിയിൽ ധനമന്ത്രാലയം ഉദ്യോഗസ്ഥരും എസ്‌ബിഐയും തമ്മിൽ നടന്ന ആശയവിനിമയത്തിന്റെ ഫയൽക്കുറിപ്പുകളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. ബോണ്ടുകൾ തിരിച്ചറിയുന്നതിന്‌ മൂന്ന്‌ കാരണമാണ്‌ എസ്‌ബിഐ മുന്നോട്ടുവച്ചത്‌.

വാങ്ങുന്നയാളും സ്വീകരിക്കുന്നയാളും ആരെന്ന്‌ തിരിച്ചറിയാൻ സീരിയൽ നമ്പർ ആവശ്യമാണെന്നും തിരിച്ചറിയൽ നമ്പർ ഇല്ലെങ്കിൽ വ്യാജപതിപ്പുകൾക്ക്‌ സാധ്യതയുണ്ടെന്നും കോടതിയോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകാൻ മറ്റ്‌ മാർഗമില്ലെന്നുമായിരുന്നു ആവശ്യം. തിരിച്ചറിയൽ നമ്പർ ആകാമെന്ന്‌ തുടർന്ന്‌ സർക്കാർ സമ്മതിച്ചു. കോടതിയോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽമാത്രമേ ബോണ്ട്‌ വിവരങ്ങൾ എസ്‌ബിഐ കൈമാറാൻ പാടുള്ളൂവെന്ന വ്യവസ്ഥയും വച്ചു.

എന്നാൽ, ബോണ്ടിന്‌ നമ്പരുണ്ടാകുമെന്നും എസ്‌ബിഐ അത്‌ രേഖപ്പെടുത്തുമെന്നുമുള്ള വിവരം സർക്കാർ പാർലമെന്റിലും പ്രതിപക്ഷ പാർടികളിൽനിന്നും തെരഞ്ഞെടുപ്പ്‌ കമീഷനിൽനിന്നും മറച്ചുവച്ചു. ആരൊക്കെ ബോണ്ട്‌ വാങ്ങിയെന്നും ആർക്കൊക്കെ നൽകിയെന്നുമുള്ള വിവരം എസ്‌ബിഐക്കും എസ്‌ബിഐയിലൂടെ കേന്ദ്ര സർക്കാരിനും മാത്രമറിയുന്ന സ്ഥിതിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News