കോണ്‍ഗ്രസിന്റെ എംപിയും എംഎല്‍എയും; പിടിഎ ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കള്‍; വര്‍ഷങ്ങളായി സര്‍വജന സ്‌കൂളിന് അവഗണന മാത്രം; ഇടതുസര്‍ക്കാര്‍ അനുവദിച്ചത് ഒരു കോടി രൂപ

ബത്തേരി: പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയിടെ അനുവദിച്ചത് ഒരു കോടി രൂപ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച ക്ലാസ് മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ് തുക അനുവദിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിനിയുടെ ദാരുണാന്ത്യം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് നേതൃത്വത്തിലാണ് പിടിഎ. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അറിയപ്പെടുന്ന നേതാക്കളായിരുന്നു പിടിഎ ഭാരവാഹികള്‍. കോണ്‍ഗ്രസ് നേതാവാണ് നിലവില്‍ പിടിഎ പ്രസിഡന്റ്. 2011 മുതല്‍ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനാണ് ബത്തേരി എംഎല്‍എ. കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് യുപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിലെ ക്ലാസ് മുറിയിലെ സിമന്റിട്ട തറയിലെ പൊത്തില്‍നിന്നാണ് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റത്.

നേരത്തെതന്നെ പൊത്ത് അധ്യാപകരുടെയും പിടിഎയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത് അടയ്ക്കാന്‍ തയ്യാറായില്ല. നഗരസഭാ അധികൃതരേയും വിവരം അറിയിച്ചില്ല.

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ ചെരിപ്പിടാനും അനുവദിക്കാറില്ല. ചെരിപ്പിട്ടിരുന്നെങ്കില്‍ വിദ്യാര്‍ഥിനിക്ക് കാലില്‍ പാമ്പ് കടിയേല്‍ക്കില്ലായിരുന്നു. മറ്റ് ക്ലാസ് മുറികളില്‍ ചിലതും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ശൗചാലയങ്ങളും സ്‌കൂള്‍ പരിസരവും വൃത്തിഹീനമാണ്. ഇവ വൃത്തിയായി സൂക്ഷിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വലിയ വീഴ്ചയാണ് വരുത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌കൂളിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ല. എംപി ഫണ്ടും അനുവദിച്ചില്ല. എം ഐ ഷാനവാസ് 10 വര്‍ഷം വയനാട് എംപി ആയിരുന്നപ്പോഴും ഒന്നും ചെയ്തില്ല. നഗരത്തിലുള്ള വിദ്യാലയമായിട്ടും യുഡിഎഫ് ജനപ്രതിനിധികള്‍ ഈ വിദ്യാലയത്തെ അവഗണിക്കുകയായിരുന്നു.

എ വിജയരാഘവന്‍ രാജ്യസഭാ എംപിയായിരുന്നപ്പോള്‍ അനുവദിച്ച ഏഴ് ലക്ഷം കൊണ്ടാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്താണ് സ്‌കൂളില്‍ കംപ്യൂട്ടര്‍ ലാബും സജ്ജീകരിച്ചത്. സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഡിഡിഇ ഇബ്രാഹിം തോണിക്കര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here