പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ പകല്‍രാത്രി മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ 106 റണ്‍സിന് എറിഞ്ഞിട്ടു. വിക്കറ്റിന് പിന്നില്‍ സാഹ പറന്ന് നിന്നപ്പോള്‍ പന്തുകൊണ്ട് ഇഷാന്ത്ശര്‍മ കളം നിറഞ്ഞു. അഞ്ച് വിക്കറ്റാണ് പിങ്ക് പന്തുകൊണ്ട് ഇഷാന്ത് ശര്‍മ എറിഞ്ഞിട്ടത്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ വിക്കറ്റ് ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മയ്ക്കായിരുന്നു. ഏഴാം ഓവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഇമ്രുള്‍ കയെസിനെയാണ് (4) ഇഷാന്ത് പുറത്താക്കിയത്.

12 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാരാണ് ബംഗ്ലദേശിനെ തകര്‍ത്തെറിഞ്ഞത്.

ഇന്ത്യന്‍ പേസ് ത്രയം ഈഡന്‍ ഗാര്‍ഡന്‍സ് അടക്കിവാണതോടെ ബംഗ്ലദേശ് നിരയില്‍ രണ്ടക്കത്തിലെത്തിയത് മൂന്നു പേര്‍ മാത്രം. 52 പന്തില്‍ അഞ്ചു ഫോര്‍ സഹിതം 29 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ 12 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. ഉമേഷ് യാദവ് ഏഴ് ഓവറില്‍ 29 റണ്‍സ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി 10.3 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ പരുക്കേറ്റ് മടങ്ങിയ ലിട്ടണ്‍ ദാസ് (27 പന്തില്‍ 24), നയീം ഹസന്‍ (28 പന്തില്‍ 19 എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടുപേര്‍.

ഓപ്പണര്‍ ഇമ്രുല്‍ കയേസ് (നാല്), ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖുര്‍ റഹിം (0), മഹ്മൂദുല്ല (ആറ്), എബാദത്ത് ഹുസൈന്‍ (ഒന്ന്), ലിട്ടന്‍ ദാസിനു പകരം ‘കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടാ’യി എത്തിയ മെഹ്ദി ഹസന്‍ (എട്ട്), അബു ജായേദ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അല്‍ അമീന്‍ ഹുസൈന്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.