പാലൂട്ടിവളര്‍ത്തിയ അമ്മയുടെ കൈകള്‍ മകളുടെ ജീവനെടുത്തതറിഞ്ഞ് എത്തിയവര്‍ കണ്ടത് ഭാവഭേദം ഏതുമില്ലാതെ മകളെ കൊന്നു എന്ന് പറയുന്ന അമ്മ സാലിയെയാണ്. അവള്‍ പെണ്‍കുട്ടിയല്ലേ, വളര്‍ന്നിട്ടും കാര്യമില്ല. അവളെ ഞാന്‍ കൊന്നു എന്നാണ് സാലി പറഞ്ഞതെന്ന് ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. സുരേഷ് പറഞ്ഞു.

ആശുപത്രിയില്‍ പോകണമെന്ന കാരണം പറഞ്ഞ് തിങ്കളാഴ്ച സൂര്യയെ സ്‌കൂളില്‍ വിട്ടിരുന്നില്ല. അമ്മയ്ക്ക് വയ്യാത്തതിനാല്‍ വാവയെ ബുധനാഴ്ചയും സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്ന് അമ്മ പറഞ്ഞതായി സൂര്യയുടെ സഹോദരന്‍ സ്വരൂപ് പറഞ്ഞു. സ്‌കൂള്‍ വിട്ടെത്തുമ്പോള്‍ കട്ടിലില്‍ കിടന്ന വാവയുടെ വസ്ത്രം അമ്മ മാറ്റുകയായിരുന്നു. ഉറക്കത്തില്‍ വാവ മൂത്രം ഒഴിച്ചെന്ന് അമ്മ പറഞ്ഞു.

എന്നെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല സ്വരൂപ് പറയുന്നു. അമ്മ വാവയെ ഇടയ്ക്ക് തല്ലാറുണ്ട്. സ്വപ്നം കണ്ടു എന്നൊക്കെയാണ് കാരണം പറയാറെന്നും സ്വരൂപ് പറയുന്നു.