പത്തുകോടി വര്‍ഷങ്ങളിലെയും വിശേഷ ദിവസങ്ങള്‍ ഒറ്റ ദിവസംകൊണ്ട് ഓര്‍ത്തെടുക്കും ഈ മിടുക്കന്‍

ഇത് പ്രശാന്ത് ചന്ദ്രന്‍. പത്തുകോടി വര്‍ഷങ്ങളിലെയും വിശേഷ ദിവസങ്ങള്‍ ഒറ്റ ദിവസംകൊണ്ട് ഓര്‍ത്തെടുക്കും ഈ മിടുക്കന്‍.

ജനിച്ചപ്പോള്‍ 100 ശതമാനം കാഴ്ചശക്തിയില്ല, 50 ശതമാനം കേള്‍വിശക്തിയില്ല, ഹൃദയത്തില്‍ രണ്ടു സുഷിരങ്ങള്‍, ഒട്ടേറെ ന്യൂറോ പ്രശ്‌നങ്ങള്‍, എല്ലാത്തിനുമപ്പുറം സെറിബ്രല്‍ പാള്‍സിയും. സ്‌പെഷല്‍ സ്‌കൂളില്‍ വ്യത്യസ്തനായ കുട്ടിയായിരുന്നു. ആരോടും മിണ്ടില്ല.

ഒന്നും പഠിക്കില്ല. ആറാം വയസ്സില്‍ അക്ഷരങ്ങളോടും അക്കങ്ങളോടും സ്‌നേഹം കാട്ടിത്തുടങ്ങി. പസില്‍സില്‍ അക്ഷരങ്ങള്‍കൊണ്ട് നമുക്കറിയാത്ത വാക്കുകളുണ്ടാക്കും. അവ നിഘണ്ടുവില്‍ ഉണ്ടായിരിക്കും. അപ്പോഴും വൈദ്യശാസ്ത്രം പറഞ്ഞു – പ്രശാന്തിന് കണ്ണ് ഒട്ടും കാണില്ല.

എന്നിട്ടും ഈ കുട്ടി എങ്ങനെ അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയുന്നു? ചുറ്റുമുള്ളവര്‍ ആ ചോദ്യം ചോദിക്കുമ്പോള്‍ പ്രശാന്ത് നിറങ്ങള്‍ കൂടി തിരിച്ചറിയുന്നുവെന്നു തെളിയിച്ചു. പസില്‍സ്‌കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കി, പൂക്കളമിട്ടു.

എല്ലാ ആവശ്യങ്ങളും പസില്‍സ്‌കൊണ്ട് എഴുതിക്കാണിച്ചു. കലണ്ടര്‍ ഇഷ്ടവസ്തുവായി. കണ്ട ഏതു തിയതിയും ഓര്‍ത്തു പറയുന്ന കഴിവുനേടി. കലണ്ടര്‍ ആപ്പില്‍നിന്ന് 150 വര്‍ഷത്തെ എല്ലാ തിയതിയും പഠിച്ചു. ഇപ്പോള്‍ 10 കോടി വര്‍ഷങ്ങളിലെ കലണ്ടര്‍ കാണാതെ അറിയാം.

ഇവയില്‍ ഒന്നിലെ തിരുവോണമോ ക്രിസ്മസോ വലിയപെരുന്നാളോ എന്നാണെന്നു ചോദിക്കൂ – പ്രശാന്ത് ഉത്തരം പറയും. ഒരു വര്‍ഷത്തിലെ കലണ്ടര്‍ ഉണ്ടാക്കിത്തരാന്‍ പറയൂ അതു ചെയ്യാന്‍ പ്രശാന്തിന് നിമിഷങ്ങള്‍ മതി. ഒരു ദിവസം വീട്ടിലെ 20 രൂപ വിലയുള്ള കളിക്കാനുള്ള കീ ബോര്‍ഡില്‍ ഈണമിട്ടു.

ഇന്ന് പ്രശാന്ത് പ്രൊഫഷനല്‍ കീ ബോര്‍ഡില്‍ ഭംഗിയായി ഹിറ്റ് ഗാനങ്ങള്‍ വായിക്കും; സ്വാധീനമുള്ള ഒരേയൊരു കൈകൊണ്ട്. മൊബൈലുകളും ആപ്പുകളും ഇഷ്ടമാണ്. അവയിലേയ്ക്കു പ്രശാന്ത് തിരിഞ്ഞപ്പോള്‍ മൊബൈല്‍ ഗെയിംസുകളിലും മാത്തമാറ്റിക്‌സ് ഗെയിംസുകളിലും ആപ്പുകള്‍ പ്രശാന്തിനോടു തോല്ക്കുകയാണ് ഉണ്ടായത്.

ഒരിടത്തു ചെന്നുനിന്നാല്‍ അവിടത്തെ താപനില പറയുന്ന അത്ഭുതകരമായ കഴിവുമുണ്ട് ഇന്നു പ്രശാന്തിന്. അതെ, 21 കൊല്ലം മുമ്പ് പരാധീനതകളോടെ പിറന്നുവീണ നിസ്സഹായനായ കുഞ്ഞല്ല ഇന്നു പ്രശാന്ത്, മനുഷ്യകംപ്യൂട്ടറാണ്; മുപ്പത്തിയാറായിരത്തി അഞ്ഞൂറു കോടി ഇരുന്നൂറ്റമ്പതു ലക്ഷം ദിവസങ്ങളുടെ സകല പ്രത്യേകതയും ഓര്‍മ്മയിലുള്ള അത്ഭുതമസ്തിഷ്‌കമാണ്.

ഞങ്ങളുടെ പ്രണാമം ഈ അത്ഭുതപ്പിറവിക്കുമുന്നില്‍; ദുര്‍വിധിക്കുമുന്നില്‍ പ്രശാന്ത് നടത്തിയ വീരോചിതമായ അതിജീവനത്തിനു മുന്നില്‍;

പ്രശാന്തിനെ ഇങ്ങനെ വളര്‍ത്തിയ ചന്ദ്രന്‍ എന്ന അച്ഛന്റെ, സുഹിത എന്ന അമ്മയുടെ, പ്രിയങ്ക എന്ന ചേച്ചിയുടെ കണ്ണീരിനും വിശ്വാസത്തിനും വിജയത്തിനും മുന്നില്‍. അഭിമാനാഹ്ലാദങ്ങളോടെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു 2019ലെ പുരുഷ വിഭാഗത്തിലെ ഫീനിക്‌സ് പുരസ്‌കാര ജേതാവ് പ്രശാന്ത് ചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News