നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും

നിങ്ങള്‍ എന്തും മനസ്സില്‍ വിചാരിച്ചോളൂ ചന്ദ്രകാന്ത് അതു കണ്ടെത്തും. അത്ഭുതങ്ങളുടെ ജീവിതമാണ് ദുര്‍വിധിയെ വെല്ലുവിളിച്ചു മാതൃകയായ ചന്ദ്രകാന്ത് നയിക്കുന്നത്: സ്‌പെഷല്‍ സ്‌കൂളില്‍നിന്ന് ‘എ’ മുതല്‍ ‘ഡി’ വരെമാത്രം പഠിച്ചിരിക്കെ അക്ഷരങ്ങള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ചന്ദ്രകാന്ത് എഴുതിയത് ‘എ’മുതല്‍ ‘ഇസഡ്’ വരെയായിരുന്നു.

വാക്കുകള്‍മാത്രം എഴുതാന്‍ പഠിച്ചിരിക്കെ ‘അ’ എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍ ‘അമ്മ’ എന്നാണ് എഴുതിയത്. ‘ഴ’ എന്നെഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയത്, ”മഴ പെയ്യുന്നു, പുഴ നിറയുന്നു, വഴി കുഴിയാകുന്നു, പഴി പറയുന്നു പൊതുജനം” എന്ന സ്വന്തം കവിതയായിരുന്നു.

അഞ്ചാം വയസ്സില്‍ ചന്ദ്രകാന്തിന്റെ പുസ്തകം പുറത്തിറങ്ങി ‘മഴ”. പിന്നാലേ,”ഗു-മുതല്‍രു-വരെ” എന്ന പുസ്തകവും. നിറങ്ങള്‍ പ്രാണനാണ്; നന്നായി വരയ്ക്കും. കണക്ക് ഇഷ്ടമാണ്; കുഴയ്ക്കുന്ന കണക്കുകള്‍വരെ ചെയ്യും.

സംഗീതം ജീവനാണ്; ഇഷ്ടസംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. ചന്ദ്രകാന്തിന്റെ മൈന്‍ഡ് റീഡിംഗാണ് ഏറെ അത്ഭുതകരം. ‘മനസ്സറിയും വിദ്യ’ പഠിച്ചു ചെയ്യുന്നതല്ല. ഒരു ദിവസം അമ്മ അടുത്തേയ്ക്കു വരുമ്പോള്‍ ചന്ദ്രകാന്ത് മുന്നിലുള്ള കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരിക്കുന്നു ‘5 + 5 = 10’. ആ കണക്ക് അവനെക്കൊണ്ടു ചെയ്യിക്കാനാണ് അമ്മ ചെന്നത്.

ആരും മനസ്സില്‍ വിചാരിക്കുന്നത് വായിച്ചറിയാനുള്ള മെന്റലിസ്റ്റുകളുടെ കഴിവ് ആരോരും പഠിപ്പിക്കാതെയാണ് ചന്ദ്രകാന്ത് നേടിയത്.

ബിഥോവന്റെ സിംഫണി കേള്‍ക്കുന്നതാണ് ചന്ദ്രകാന്തിന്റെ ഇഷ്ടവിനോദം. കേള്‍വിശക്തി നഷ്ടപ്പെട്ട ശേഷം ആ അനശ്വരസംഗീതജ്ഞന്‍ ചെയ്ത സിംഫണികള്‍ ചന്ദ്രകാന്തിന് സ്വന്തം ജീവിതത്തിന്റെ തന്നെ പ്രതീകമാകണം. രണ്ടരവയസ്സില്‍ ഓട്ടിസ്റ്റിക് ആണെന്നു തിരിച്ചറിഞ്ഞ ഒരു കുട്ടിയാണ് ഈ നിലയിലെത്തിയത്.

ചന്ദ്രകാന്തിന്റെ അതിജീവനത്തിനു പിന്നില്‍, പത്തുവര്‍ഷവും സ്‌പെഷല്‍ സ്‌കൂളില്‍ പോയി അവനോടൊപ്പം സ്‌കൂള്‍ സമയം മുഴുവന്‍ ഒരേ ബഞ്ചിലിരുന്നു പിന്‍തുണ കൊടുത്ത അമ്മ ഷിജിയുണ്ട്, കെട്ടിടനിര്‍മാണ ജോലി ചെയ്ത് മകനെ വളര്‍ത്തിയ അച്ഛന്‍ സുനിലുണ്ട്. കുട്ടികള്‍ക്കുള്ള ഫീനിക്‌സ് പുരസ്‌കാരം 2019 അത്ഭുതപ്രതിഭയും അതിജീവനവിസ്മയവുമായ ചന്ദ്രകാന്തിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here