
കാഴ്ചയും കേൾവിയുമില്ലാഞ്ഞിട്ടും മാതൃക സൃഷ്ടിച്ച പലരുണ്ട് ലോകചരിത്രത്തിൽ. എന്നാൽ, കണ്ണും കാതുമില്ലാതിരുന്നിട്ടും നൃത്തം ചെയ്തത് സിഷ്ണ മാത്രം; തലശ്ശേരി പൊന്ന്യത്തുനിന്നുള്ള മലയാളി പെൺകുട്ടി സിഷ്ണ ആനന്ദ്. ജനിച്ചപ്പോഴേ ബധിരയായിരുന്നു സിഷ്ണ. മൂന്നാം മാസത്തോടെ കണ്ണിനും രോഗം വന്നു; കാഴ്ചപോയി.
ഹൃദയത്തിൽ സുഷിരങ്ങളുണ്ടായിരുന്നു; ശസ്ത്രക്രിയകളിലൂടെ അത് പരിഹരിച്ചു. നടക്കാൻ കഴിയില്ലായിരുന്നു; ഫിസിയോ തെറാപ്പിയിലൂടെ അതും മാറ്റി.സ്പെഷൽ സ്കൂളിൽ പോയി. കരകൗശലവേലകൾ ശീലിച്ചു.
കുടയും പായയും പൂക്കളുമുണ്ടാക്കി വിറ്റു. ഭിന്നശേഷിക്കാരെ സഹായിക്കുന്ന സ്ഥാപനം തുടങ്ങി. സാമ്പത്തികപ്രശ്നങ്ങൾ മൂലം അതടച്ചു. ഇപ്പോൾ, കണ്ണൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയെടുക്കുന്നു. അന്ധരും ബധിരരുമായ പലരും അവിടെ നിർത്തും. പക്ഷേ, ഈ പെൺകുട്ടി അവിടെനിന്നു തുടങ്ങുകയാണുണ്ടായത്.
നാടകത്തിൽ അഭിനയിച്ചുകൊണ്ട് കലാലോകത്തേയ്ക്കു കടന്നു. ഹെലൻ കെല്ലറെ അന്ധയും ബധിരയുമായ നടി അവതരിപ്പിക്കുന്ന ആ നാടകം പല വേദികളിൽ കളിച്ചു.
അതിനു പിന്നാലേയാണ് നർത്തകിയാകാൻ മോഹിച്ചത്. കാണാനും കേൾക്കാനും കഴിയാതെ നൃത്തം പഠിക്കുക എന്ന വെല്ലുവിളിയാണ് ഇരുപത്തിയാറാം വയസ്സിൽ സിഷ്ണ ഏറ്റെടുത്തത്. ബ്രെയിൽ ലിപിയിലൂടെ ഗാനത്തിന്റെ അർത്ഥം മനസ്സിലാക്കി. സ്പർശത്തിലൂടെ മുദ്രകളും ചുവടുകളും ഉറപ്പിച്ചു.
2018 നവംബർ മൂന്നിന് കണ്ണൂർ കലക്ടറേറ്റിലായിരുന്നു അരങ്ങേറ്റം. നൃത്തം തീരുമ്പോൾ ഒരു സദസ്സുമുഴുവൻ കണ്ണീരോടെ എഴുന്നേറ്റുനിന്ന് ഹർഷാരവം മുഴക്കുകയായിരുന്നു. സിഷ്ണ അതു കണ്ടില്ല, കേട്ടുമില്ല. തിരശ്ശീല വീണ വേദിയിൽനിന്ന് അച്ഛനമ്മമാരുടെ സ്പർശഭാഷയിലൂടെ മനസ്സിലാക്കുകമാത്രം ചെയ്തു.
“ശിവദം, ശിവനാമം” എന്ന കൈതപ്രത്തിന്റെ ഗാനത്തിനൊത്താണ് സിഷ്ണ ചുവടുവച്ചത്. അതിലെ ഒരു വരി “സഫലമായ് ജീവിതം രാഗലോലം” എന്നാണ്. അന്നത്തെ സദസ്സിനൊപ്പം എഴുന്നേറ്റുനിന്ന് ഇന്നു ഞങ്ങളും കണ്ണീർക്കൈയടി മുഴക്കുന്നു – “സിഷ്ണാ, സഫലവും രാഗലോലവുമാണ് നിന്റെ ജീവിതം”.
സ്ത്രീകൾക്കുള്ള ഫീനിക്സ് 2019 പുരസ്കാരം ഞങ്ങൾ സമർപ്പിക്കുന്നു കാണാത്ത മുദ്രകൾ പകർത്തിയ സിഷ്ണ ആനന്ദിന്റെ പ്രകാശം പരത്തുന്ന കൈകളിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here