ജോബി; സാധാരണക്കാരിലെ അസാധാരണ മനക്കരുത്തിന്റെ പര്യായം

ഒരിക്കല്‍ ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, അവന്‍ കാലിന്നു വളര്‍ച്ചയില്ലാത്തവനായിരുന്നു, പള്ളിക്കൂടത്തില്‍ കൂട്ടുകാര്‍ കളിക്കുന്നതും തിമിര്‍ക്കുന്നതും കൊതിയോടെ നോക്കിനിന്നവന്‍.

വളര്‍ന്നുവളര്‍ന്ന് ആ കൂട്ടുകാരേക്കാള്‍ മികച്ചവനായി അവന്‍. ഈ കഥയുടെ തലക്കെട്ടില്‍ ഒരേയൊരു വാക്കേയുള്ളൂ: ജോബി. 2008-ല്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജനറല്‍ ക്യാറ്റഗറിയിലെ ചാമ്പ്യന്‍. ഒത്ത മനുഷ്യരെ പഞ്ചഗുസ്തിയില്‍ അടിയറവു പറയിച്ച ഭിന്നശേഷിക്കാരന്‍.

ഇന്ത്യയുടെ അഭിമാനമായ പൂഞ്ഞാറുകാരന്‍ ജോബി മാത്യു. കായികയിനങ്ങളുടെയൊക്കെ കളിത്തോഴനാണ് ജോബി. ഷോട്ട് പുട്ട്, ഡിസ്‌കസ്, ജാവലിന്‍, പവര്‍ ലിഫ്റ്റിംഗ്, ബാഡ് മിന്റണ്‍, ടേബിള്‍ ടെന്നീസ്…

എല്ലാം ജോബിക്കു വഴങ്ങും. ഭിന്നശേഷിക്കാരുടെ മത്സരങ്ങളില്‍ ജില്ലാതലംമുതല്‍ ലോകതലംവരെ അവയിലൊക്കെ പതക്കങ്ങള്‍ നേടിയിട്ടുമുണ്ട്. പലയിനങ്ങളിലായി 24 തവണ ലോകകിരീടം നേടി ഈ 43-കാരന്‍. പഞ്ചഗുസ്തിയാണ് തന്റെ തട്ടകമെന്നറിഞ്ഞത് കോളേജില്‍ പഠിക്കുമ്പോഴാണ്.

പിന്നെ ആ മേഖലയില്‍ മികവു നേടാനുള്ള കഠിനാദ്ധ്വാനമായി. മുട്ടിന്നു താഴെ വളര്‍ച്ചയില്ലാത്ത ജോബി നിരന്തരസാധനയിലൂടെ നേടിയ ശാരീരികമികവ് അദ്ദേഹത്തിന്റെ രൂപംതന്നെ തന്നെ വിളിച്ചുപറയും. 1994 മുതല്‍ 2004 വരെ 11 കൊല്ലം തുടര്‍ച്ചയായി ഭിന്നശേഷിക്കാരുടെ ദേശീയ മത്സരത്തില്‍ പഞ്ചഗുസ്തി ചാമ്പ്യനായതാണ് മികച്ച ആദ്യനേട്ടം.

പൊതുവിഭാഗത്തില്‍ ലോക ജേതാവായത് 2008-ലാണ്. കാലു നിലത്തും കൈമുട്ട് മേശയിലും ഊന്നി നേടുന്ന കരുത്താണ് പഞ്ചഗുസ്തിയുടെ മൂലധനം. കാല്‍ തളര്‍ന്ന ഒരാള്‍ക്ക് കൈമുട്ടിന്റെ ബലം മാത്രമേ തുണയുള്ളൂ.

ആ വലിയ പരാധീനതയുമായാണ് ജോബി ഒത്തമനുഷ്യരുമായി പഞ്ചഗുസ്തി നടത്തിയതും അതില്‍ ലോകചാമ്പ്യനായതും. ഈ കഥയുടെ തലക്കെട്ട് ജോബി എന്നാകാം.

ഗുണപാഠം പക്ഷേ, ”അസാധ്യമായതു സ്വപ്നം കാണുക” എന്നതു തന്നെയാണ്. കൈരളി ചെയര്‍മാന്റെ പ്രത്യേകപുരസ്‌കാരത്തിന് പദ്മശ്രീ ഭരത് മമ്മൂട്ടി വാര്‍ത്തകളില്‍നിന്നു തെരഞ്ഞെടുക്കുന്നു,

അമേരിക്കയിലും കനഡയിലും ജപ്പാനിലുമൊക്കെ ഇന്ത്യന്‍ പതാക പാറിച്ച കൈക്കരുത്തിനെ, തളര്‍ന്ന കാലുമായി ദുര്‍വിധിയുടെ മരുഭൂമികള്‍ നടന്നു കയറിയ മനക്കരുത്തിനെ, ജോബി മാത്യുവിനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News