മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രക്ഷോഭം. മലയാളി സംഘടനകളും തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സംയുക്തമായി ജസ്റ്റിസ് ഫോർ ഐഐടി ഫാത്തിമ ലത്തീഫ് ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചെപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിൽ ധർണ നടത്തി. സ്‌ത്രീകളടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, മദ്രാസ് കേരള സമാജം, മലബാർ മുസ്ലിം അസോസിയേഷൻ, മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി, കേരള മുസ്ലിം കൾച്ചറൽ സെന്റർ, എൻഎസ്എസ്, എസ്എൻഡിപി തുടങ്ങി നിരവധി സംഘടനകൾ ധർണയിൽ പങ്കെടുത്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉൾപ്പെടെ രാഷ്ട്രീയ– സാംസ്‌കാരിക രംഗത്തെ പ്രമുഖർ ധർണയെ അഭിവാദ്യം ചെയ്‌തു.ആക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ പി സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. ചെയർമാൻ കുഞ്ഞുമോൻ ഹാജി അധ്യക്ഷനായി.

കൺവീനർ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, കോ–ഓർഡിനേറ്റർ പി എൻ ശ്രീകുമാർ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൻസ് റൈറ്റ് പ്രതിനിധി കൽപ്പന, പി കെ ബാലകൃഷ്ണൻ, എം എ സലിം, സജി വർഗീസ്, ബിജു എന്നിവർ സംസാരിച്ചു. ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണം ദ്രുതഗതിയിലാക്കുക, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, ഐഐടി പോലെ രാജ്യത്തിന്റെ അഭിമാനസ്ഥാപനങ്ങളിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയപഠനം നടത്തുക എന്നീ ആവശ്യങ്ങൾ ആക്‌ഷൻ കമ്മിറ്റി ഉന്നയിച്ചു. തുടർന്നും കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് ഫോർ ഐഐടി ഫാത്തിമ ലത്തീഫ് ആക്‌ഷൻ കമ്മിറ്റി ചെന്നൈ നേതൃത്വത്തിൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണയെ അഭിവാദ്യം ചെയ്യുകയായിരുന്നു രാമകൃഷ്ണൻ.

തന്റെ മരണത്തിനു കാരണം ആരെന്ന് ഫാത്തിമയുടെ മരണമൊഴി വ്യക്തമാക്കുന്നു. മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. മരണത്തിനു പിന്നിലെ ദുരൂഹത എത്രയുംവേഗം അവസാനിപ്പിക്കാൻ അന്വേഷണം ഊർജിതമാക്കണം. നടപടിയുണ്ടായില്ലെങ്കിൽ പുതിയ സമരമുറകൾക്ക് തയ്യാറാകേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു.