ജെഎൻയു വിദ്യാർഥി പ്രക്ഷോഭം; നിർദേശങ്ങൾ തിങ്കളാഴ്‌ച സമർപ്പിക്കുമെന്ന്‌ ഉന്നതാധികാര സമിതി; പിന്നോട്ടില്ലെന്ന് വിദ്യാർഥികള്‍

ജെഎൻയുവിലെ വിദ്യാർഥിപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ കേന്ദ്ര മാനവിക വിഭവശേഷി മന്ത്രാലയത്തിന്‌ തിങ്കളാഴ്‌ച സമർപ്പിക്കുമെന്ന്‌ ഉന്നതാധികാര സമിതി. യൂണിയൻ ഭാരവാഹികളുമായി ക്യാമ്പസിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ്‌ സമിതി ഇതറിയിച്ചത്‌.

ക്യാമ്പസിൽ നിയമപരവും ജനാധിപത്യപരവുമായ സംവിധാനങ്ങൾ എല്ലാം അട്ടിമറിക്കപ്പെട്ടെന്ന്‌ കമ്മിറ്റിക്ക്‌ ബോധ്യമായെന്ന്‌ വിദ്യാർഥികൾ പറഞ്ഞു. സംവിധാനങ്ങളുടെ ജനകീയസ്വഭാവം പുനഃസ്ഥാപിച്ചാൽ സമരം അവസാനിപ്പിക്കുമോ എന്ന്‌ മൂന്നംഗ സമിതി യോഗത്തിൽ ആരാഞ്ഞു. ഫീസ്‌ വർധന പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ അടക്കമുള്ളവർ ഉറച്ചുനിന്നു.

യുജിസി വൈസ് ചെയർമാൻ പ്രൊഫ. വി എസ് ചൗഹാൻ, എഐസിടിഇ ചെയർമാൻ പ്രൊഫ. അനിൽ സഹസ്രബുധെ, യുജിസി സെക്രട്ടറി പ്രൊഫ. രജ്‌നീഷ് ജെയിൻ എന്നിവരടങ്ങുന്ന സമിതി വൈകിട്ടാണ്‌ ക്യാമ്പസിലെത്തിയത്‌.

വിദ്യാർഥികളുമായും അധ്യാപകരുമായും ഡീൻമാരുമായും സമിതി മുമ്പ്‌ യോഗം നടത്തി. മൂന്നാഴ്‌ചയായി സമരം തുടരുന്ന വിദ്യാർഥികൾ ശനിയാഴ്‌ച പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here