മഹാരാഷ്‌ട്രയിൽ എന്‍സിപി‐ബിജെപി സഖ്യ സർക്കാർ; അട്ടിമറി നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്‌

മഹാരാഷ്‌ട്രയിൽ എൻസിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ്‌ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എൻസിപിയുടെ അജിത് പവാറാണ്‌ ഉപമുഖ്യമന്ത്രി. എന്‍സിപി ‐ബിജെപി സഖ്യമാണ്‌ സർക്കാർ രൂപീകരിച്ചത്‌.

അജിത്‌ പവാർ എൻസിപിയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്നുവെന്നാണ്‌ സൂചനകൾ. തന്റെ അറിവോടെയല്ല അജിത്‌ പവാൻ ബിജെപിയുമായി ചേർന്നതെന്ന്‌ ശരത്‌ പവാർ ശിവസേനാ നേതാവ്‌ ഉദ്ദവ്‌ താക്കറെയെ അറിയിച്ചു.

രാവിലെ രാജ്‌ഭവനിലാണ്‌ സത്യപ്രതിജ്ഞ നടന്നത്‌. സർക്കാർ അധികാരമേറ്റതോടെ മഹാരാഷ്ട്രയിലെ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് അട്ടിമറി നീക്കം ഉണ്ടായത്‌.

ശിവസേനക്ക്‌ മുഖ്യമന്ത്രി സ്‌ഥാനവും എൻസിപി,കോൺഗ്രസ്‌ എന്നിവർക്ക്‌ ഉപമുഖ്യമന്ത്രി സ്‌ഥാനവും എന്ന്‌ തീരുമാനിച്ചതും ഉദ്ദവ്‌ താക്കറെ മുഖ്യമന്ത്രിയാക്കുവാനും തീരുമാനമായതായിരുന്നു.

പുതിയ നീക്കങ്ങളിൽ കോൺഗ്രസ്‌ അമ്പരന്നു. എൻസിപി ചർച്ചയിൽനിന്ന്‌ പിന്നോട്ട്‌ പോയത്‌ ചതിയാണെന്ന്‌ കോൺഗ്രസ്‌ പറഞ്ഞു. മുംബൈയില്‍ ഇന്നലെ ചേർന്ന ശിവസേന, എൻസിപി, കോൺഗ്രസ്‌ നേതൃയോഗത്തിലാണ്‌ മഹാ വികാസ്‌ അഘാഡി എന്ന പേരിൽ സഖ്യം രൂപീകരിക്കാനും ശനിയാഴ്‌ച വീണ്ടും യോഗം ചേരാനും തീരുമാനിച്ചിരുന്നു.

സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക്‌ അന്തിമരൂപമായതായും അറിയിച്ചിരുന്നു. ബിജെപിയെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്താനുള്ള ഈ തീരുമാനങ്ങളാണ്‌ ഇന്ന്‌ അട്ടിമറിക്കപ്പെട്ടത്‌. ബിജെപി‐ എൻസിപി സഖ്യസർക്കാരിനെ പ്രധാനമന്ത്രി മോഡി അനുമോദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here