
മുംബൈ നെഹ്‌റു സെന്ററിൽ ഇന്നലെ നടന്ന ത്രികക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശരദ് പവാർ അടുത്ത മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തുവെന്നും നാളെ ഔദ്യോദികമായി പ്രഖ്യാപനം നടത്തുമെന്നും മാധ്യമങ്ങളെ അറിയിച്ചാണ് പിരിഞ്ഞത്.
എന്നാൽ മുഖ്യമന്ത്രി സ്വപ്നവുമായി ഉറങ്ങാൻ കിടന്ന ഉദ്ധവ് താക്കറെ ഉണരുന്നത് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചൊല്ലുന്നത് കണ്ടാണ്. ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് കൊണ്ടാണ് എൻ സി പിയുടെ പിന്തുണയോടെ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സ് അരങ്ങേറിയത്.
എന്നാൽ ഇതൊന്നും തന്റെ അറിവോടെയല്ലെന്നും അജിത് പവാറാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നുമാണ് ശരദ് പവാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവുത്തും ശരദ് പവാറിനെ പിന്തുണച്ചാണ് സംസാരിച്ചത്. ഇന്നലെ നടന്ന യോഗത്തിൽ അജിത് പവാറിന്റെ ശരീര ഭാഷയിൽ കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്നും സഞ്ജയ് ആരോപിച്ചു.
സർക്കാർ രൂപീകരണത്തിലേക്ക് കോൺഗ്രസിനെ വലിച്ചിഴച്ച ശേഷം പിന്നിൽ നിന്ന് കുത്തിയിരിക്കുകയാണ് സഖ്യകക്ഷിയായ എൻസിപിയെന്നും പരക്കെ പരാതിയുണ്ട്. കുറ്റങ്ങൾ അജിത് പവാറിന്റെ തലയിൽ കെട്ടി വച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കയാണ് ശരദ് പവാർ എന്നും ആക്ഷേപമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here