അധോലോക സംഘങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന്‌ ബിജെപി വാങ്ങിയത് 21.5 കോടിയുടെ സംഭാവന

ഭീകരരുമായി ബന്ധമുള്ളവരിൽനിന്ന്‌ ബിജെപി 21.5 കോടി രൂപ സംഭാവന വാങ്ങി. ഭീകരപ്രവർത്തനത്തിന്‌ പണം നൽകിയതിന്‌ അന്വേഷണം നേരിടുന്ന കമ്പനിയിൽനിന്ന്‌ നേരിട്ട് 10 കോടി രൂപയും കമ്പനി ഡയക്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ 11.5 കോടിയും വാങ്ങി.

1993ലെ മുംബൈ ബോംബ്‌ സ്‌ഫോടനകേസിൽ പ്രതിയായ ഇക്ബാൽ മേമൻ എന്ന ഇക്‌ബാൽ മിർച്ചി, അധോലോക സംഘത്തലവൻ ദാവൂദ്‌ ഇബ്രാഹിം എന്നിവരുമായി ബന്ധമുള്ള ആർകെഡബ്ല്യു ഡെവലപ്പേഴ്‌സും സഹ സ്ഥാപനങ്ങളുമാണ്‌ ബിജെപിക്ക്‌ വൻ തോതിൽ പണം നല്‍കിയത്. പണംവാങ്ങിയെന്ന് തെരഞ്ഞെടുപ്പ്‌ കമീഷന്‌ നല്‍കിയ കണക്കിൽ ബിജെപി സമ്മതിച്ചു.

ആർകെഡബ്ല്യുവിൽനിന്ന്‌ 2014–15ലാണ്‌ 10 കോടി വാങ്ങിയത്‌. മിർച്ചിയുടെ വസ്‌തുവകകൾ വാങ്ങിയ റിയൽ എസ്‌റ്റേറ്റ്‌ സ്ഥാപനമായ സൺബ്ലിങ്കിൽ നിന്ന്‌ രണ്ട്‌ കോടി സ്വീകരിച്ചു. സൺബ്ലിങ്കിന്റെ ഡയറക്ടർ മെഹുൽ അനിൽ ബാവഷിയുടെ മറ്റൊരു സ്ഥാപനമായ സ്‌കിൽ റിയലറ്റേഴ്‌സിൽനിന്ന്‌ രണ്ട്‌ കോടിയും വാങ്ങി.

ആർകെഡബ്ല്യുവിന്റെ മറ്റൊരു ഡയറക്ടർ പ്ലാസിഡ്‌ ജേക്കബ്‌ നൊറോണയുടെ ദർശൻ ഡെവലപ്പേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിൽനിന്ന്‌ 2016–17ൽ 7.5 കോടി രൂപ വാങ്ങി.

ഭീകരപ്രവർത്തനങ്ങൾക്ക്‌ പണം നൽകിയ കേസിൽ ആർകെഡബ്ല്യുവിനെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അന്വേഷണം നടത്തുന്നുണ്ട്‌. കമ്പനിയുടെ മുൻ ഡയറക്ടർ രഞ്‌ജിത്‌ ബിന്ദ്രയും മിർച്ചിയുടെ കൂട്ടാളിയും വിദേശിയുമായ ഹാറൂൺ യൂസഫും ഒക്ടോബറിൽ അറസ്റ്റിലായി. മിർച്ചിയുടെ വസ്‌തുവകകൾ 200 കോടിക്ക് വിറ്റ വകയിൽ ബിന്ദ്രയ്‌ക്ക്‌ 30 കോടി കമീഷൻ ലഭിച്ചെന്നും ഇഡി കണ്ടെത്തി.

“ദാവൂദ്‌ ഇബ്രാഹിമിന്റെ വലംകൈ’ എന്നറിയപ്പെട്ടിരുന്ന മിർച്ചി മുംബൈയിലെ സ്വത്തുവകകൾ വിറ്റശേഷം ലണ്ടനിലേക്ക്‌ പോയി. 2013ൽ ഹൃദ്‌രോഗത്താൽ മരിച്ചു. കള്ളപ്പണ നിക്ഷേപവിവരങ്ങൾ പുറത്തുകൊണ്ടുവന്ന പനാമ പേപ്പറുകളിലും മിർച്ചിയുടെ പേരുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here