മനസ്സിനെ മഥിക്കുന്ന ജലസമാധി

ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്‌നം, എല്ലായിടത്തും സംഭവിക്കുന്നതുപോലുളള ഒരു പരിസ്ഥിതി പ്രശ്‌നം, എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണമായ ഒരു രാഷ്ട്രീയ പ്രശ്‌നം, അന്ധവിശ്വാസങ്ങള്‍ക്കെതിരെയുളള ചെറുത്ത്‌നില്പ്… സിനിമയുടെ പരിമിതമായ പ്രതലത്തില്‍ ഈ നാല് അടിസ്ഥാന വിഷയങ്ങള്‍ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനായ വേണു നായര്‍.

നോവല്‍ സിനിമയാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. സങ്കീര്‍ണ്ണമായ മാനസികാവസ്ഥകള്‍ അനുഭവവേദ്യമാകും വിധം അനുവാചകരിലെത്തിക്കുക എന്നതും സാഹസം. പ്രശ്‌സ്ത നോവലിസ്റ്റ് സേതുവിന്റെ അടയാളങ്ങള്‍ എന്ന നോവലിന്റെ സിനിമാവിഷ്‌ക്കാരമാണ് ‘ജലസമാധി’ എന്ന സിനിമ. സേതുതന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ആധുനികതയുടെ നാട്യങ്ങള്‍ തെല്ലും ഇല്ലാതെയാണ് ‘തലൈക്കുത്തല്‍ ‘എന്ന ദുരാചാരത്തെ മുന്‍ നിര്‍ത്തി കഥ തയ്യാറായിരിക്കുന്നത്. പ്രേക്ഷകന് എളുപ്പത്തില്‍ ഗ്രഹിക്കാനാകാത്ത ഒരു ദൃശ്യമോ, സംഭാഷണമോ സിനിമയില്‍ ഇല്ല. വലിച്ചു നീട്ടലുകളില്ലാതെയാണ് കേരള -തമീഴ്‌നാട് അതിര്‍ത്തിയിലുളള മീനാക്ഷി പാളയം എന്ന ഗ്രാമത്തിലെ തലൈക്കുത്തല്‍ എന്ന ദുരാചാരം ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

വാര്‍ധക്യം പിടിപെട്ട് കുടുംബത്തിന് വേണ്ടാത്തവരാകുന്നവരെ ആചാരുഷ്ഠാനങ്ങളുടെ പുകമറയോടെ കൊലപ്പെടുത്തുന്നതാണ് തലൈക്കൂത്ത്. അന്ധവിശ്വാസത്തിനിരായ വൃദ്ധ കഥാപാത്രം മുനിസ്വാമിയെ അസാമാന്യമായ അഭിനയപാടവത്തോടെയാണ് തമിഴ് നടന്‍ എം എസ് ഭാസ്‌ക്കര്‍ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ മരിച്ചാല്‍ തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൊല ആസൂത്രണം ചെയ്യുന്ന മകനും മകന് ഒത്താശ ചെയ്ത് കൊടുക്കുന്ന അമ്മയും തലൈക്കുത്തലിന്റെ സംരക്ഷകരായി മാറുന്ന ഗ്രാമത്തിലെ ക്രിമിനല്‍ സംഘവും എല്ലാറ്റിനും ഒത്താശ ചെയ്തുകൊടുക്കുന്ന കൊടുക്കുന്ന പൊലീസും പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

ആദ്യകാലത്ത് ചെറുത്ത് നില്പുകള്‍ ദുര്‍ബലമായിരുന്നു. എന്നാല്‍ ഗ്രാമത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്ന ഫാക്ടറിയില്‍ പുതിയതായി ചുമതലയേറ്റെടുത്ത നിവേദിത എന്ന എച്ച് ആര്‍ മാനേജര്‍ മാറ്റത്തിന് തിരികൊളുത്തി. ഫാക്ടറി നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരായ സമരം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായി. അവരുടെ ചെറുത്ത് നില്പ് മാറ്റ് മേഖലകളിലേയ്ക്കും വ്യാപിച്ചു. ജലസമാധി നടത്തുന്നവരെ അവര്‍ ഗ്രാമത്തില്‍ നിന്ന് അടിച്ചോടിക്കുന്നു. മുനിസ്വാമിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നു.

പണമില്ലെന്ന കാരണത്താല്‍ മുനിസ്വാമിക്ക് മകളുടെ വിവാഹം നടത്താനാകുന്നില്ല. ഭാര്യക്കും മകനും മുനിസ്വാമി വെറുക്കപ്പെട്ടവനാകുന്നു. ജലസമാധി എന്ന ദയാവധത്തിന് ഇരയാകേണ്ടവന്‍.

മുനിസ്വാമിക്ക് ജീവിതം മടുത്തു.മാനസിക സംഘര്‍ഷങ്ങളുടെ ഭ്രമാത്മകതയിലേയ്ക്ക് മുനുസ്വാമി മുങ്ങിതാഴുന്നു.സങ്കീര്‍ണ്ണമായ മാനസികാവസ്ഥ പ്രേഷകരിലെത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ദൗത്യം അനാമാന്യമായ കരവിരുതോടെയാണ് സംവിധായകന്‍ നിറവേറ്റിയിരിക്കുന്നത്. പ്രകൃതിയുടെ വന്യതയിലേയ്ക്ക് നടന്നുനീങ്ങുന്ന അവസാനരംഗം സിനിമകണ്ടവരുടെ മനസ്സില്‍ നിന്ന് ഒരു കാലത്തും മാഞ്ഞുപോകില്ല.ക്യാമറമാന്‍ പ്രജിത്ത് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.

വൃദ്ധജനങ്ങളെ തെരുവില്‍ തളളുന്നതിന് പകരം വൃദ്ധ സദനങ്ങളില്‍ തളച്ചിടുന്നതാണ് സമകാലിക കേരളത്തിലെ ദുരന്തക്കാഴ്ച്ച.സിനിമ വെളിച്ചം വീശുന്നത് തലൈക്കുത്തല്‍ എന്ന ആചാരത്തിന്റെ ഇന്നലകളിലേയ്ക്കല്ല; വര്‍ത്തമാന കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News