
ഏക ദിന ക്രിക്കറ്റ് കളി പോലെ തന്നെ രാഷ്ട്രീയത്തിലും എന്തും സംഭവിക്കാമെന്ന ഗഡ്കരിയുടെ വാക്കുകൾ അന്വർഥമാക്കി കൊണ്ടാണ് മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികൾ പരക്കം പായാൻ തുടങ്ങിയത്. ഇതോടെ എംഎൽഎമാർക്കെല്ലാം പൊന്നു വിലയായി. ബിജെപിയുടെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കാനായി കോൺഗ്രസ് എൻസിപി ശിവസേന സഖ്യത്തിലെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കയാണ്.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനോടൊപ്പം പോയ എം എൽ എ മാരെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. രാജ്യം കണ്ട ഏറ്റവും നാണം കെട്ട രാഷ്ട്രീയ നാടകങ്ങൾക്കാണ് മഹാരാഷ്ട്ര വേദിയായിരിക്കുന്നത്. അട്ടിമറിക്ക് ഉത്തരവാദികളായവരെയും പുറകിൽ നിന്ന് കുത്തിയവരെയും തുറന്ന് കാട്ടുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പരസ്യമായി വെല്ലുവിളിച്ചത്.
ഭരണ യന്ത്രം ഉപയോഗിച്ച് പാർലിമെന്ററി ജനാതിപത്യ വ്യവസ്ഥയെ കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ട് പിടുത്തതിലൂടെയും അട്ടിമറിക്കുന്ന നടപടിയാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നതെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി ഐ ടി യു സെക്രട്ടറിയുമായ പി ആർ കൃഷ്ണൻ പ്രതികരിച്ചു.
നരേന്ദ്ര മോദി ഭരണത്തിൽ എന്തും സംഭവിക്കാം എന്തും നേടാമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ തന്ത്രമാണ് ഗോവയിലും മണിപ്പൂരിലും ബി ജെ പി ഉപയോഗിച്ചത്. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങൾ അംഗീകരിക്കുന്ന നടപടിയല്ല ഇതെന്നും പി ആർ കൃഷ്ണൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here