ഐ ലീഗ് ഫുട്ബോളിലെ ഈ സീസണിൽ ഗോകുലം കേരള എഫ് സിയെ മർക്കസ് ജോസഫ് നയിക്കും. 25 അംഗ പുതിയ ടീമിനെ കോഴിക്കോട് പ്രഖ്യാപിച്ചു. ഈ മാസം 30 ന് ഹോം ഗ്രൗണ്ടിൽ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികൾ. ടീമിന്റെ പുതിയ ജേഴ്സിയും കോഴിക്കോട് നടന്ന ചടങ്ങിൽ പുറത്തിറക്കി.

ഡ്യുറന്റ് കപ്പ് ജേതാക്കൾ എന്ന ഖ്യാതിയുമായാണ് ഈ സീസണിൽ ഗോകുലം കേരള എഫ് സി, ഐ ലീഗിന് ബൂട്ട് കെട്ടുന്നത്. കോഴിക്കോട് നടന്ന ചടങ്ങിൽ ടീമിനെ പ്രഖ്യാപിച്ചു. ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം മർക്കസ് ജോസഫാണ് നായകൻ. മലയാളി താരം മുഹമ്മദ് ഇർഷാദ് വൈസ് ക്യാപ്റ്റൻ.

25 അംഗ ടീമിൽ 5 വിദേശ താരങ്ങളും 10 പേർ മലയാളികളുമാണ്. മണിപ്പൂരിൽ നിന്നുള്ള അഞ്ചും, തമിഴ്നാട് താരങ്ങളായ 3 പേരും ഗോവ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഓരോ താരങ്ങളും ടീമിൽ ഇടം പിടിച്ചു. അർജന്റീനയിൽ നിന്നുള്ള ഫെർണാൻഡോ സാന്റിയാഗോ വരേലയാണ് പരിശീലകൻ

ടീമിന്റെ ജഴ്സി സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന് നൽകി പുറത്തിറക്കി. ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ യു ഷറഫലിക്ക് കൈമാറി നിർവഹിച്ചു. 50 രൂപയാണ് ഗ്യാലറി നിരക്ക്. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഈ മാസം 30 ന് നടക്കുന്ന മത്സരത്തിൽ ഗോകുലം നെരോക്ക എഫ് സി യെ നേരിടും