സ്കൂള്‍ നവീകരണം; ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് സ്കൂള്‍ നവീകരണത്തിനായി ആവശ്യമായ പണം വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സ്കൂളുകളിലെ കളിസ്ഥലം, വഴി, പരിസരം, ശുചി മുറികൾ എന്നിവ വൃത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കുന്നത്.

വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ചത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിദ്യാലയങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച് തീരുമാനമായത്. അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്കൂളുകളിലെ പി.ടി.എ യോഗംവിളിക്കണം.
സ്കൂൾ നവീകരണം ഉൾപ്പെടെ പ്രവൃത്തികൾക്ക് ആവശ്യമായ പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

സ്കൂൾ കളിസ്ഥലം, വഴി, പരിസരം എന്നിവ വൃത്തിയാക്കാൻ തൊഴിലുറപ്പ്പദ്ധതിയുടെ ഫണ്ടും സേവനവും വിനിയോഗിക്കും. ശുചി മുറികൾ വൃത്തിയാക്കാനും ജല ലഭ്യത ഉറപ്പാക്കാനും ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിക്കാനും മന്ത്രി ഉത്തരവിട്ടു.

ക്ലാസ് മുറികൾ, ശുചിമുറികൾ എന്നിവയുടെ ചുമരുകളിലുള്ള വിള്ളുകള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നും ക്ഷുദ്രജീവികളെ നീക്കംച്ചെയ്യാനുള്ള നടപടിയെടുക്കണമെന്നും യോഗത്തില്‍ മന്ത്രി നിർദേശിച്ചു. കുട്ടികള്‍ക്കാവശ്യമായ ശുചിമുറികള്‍ ഉണ്ടെന്നുറപ്പുവരുത്തണം.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രാഥമിക ശുശ്രൂഷനല്‍കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങള്‍ നല്കാനും യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here