ബിപിസിഎൽ; എട്ട്‌ കോടി ഭാരത്‌ ഗ്യാസ്‌ ഉപയോക്താക്കളുടെ സബ്‌സിഡി ഇല്ലാതാകും

ബിപിസിഎൽ വിൽപ്പന ആദ്യം ബാധിക്കുക കുടുംബ ബജറ്റിനെ. ഭാരത്‌ ഗ്യാസ്‌ പാചക വാതകത്തിനുള്ള സബ്‌സിഡി നിലയ്‌ക്കാം. റബർ കർഷകരെയും റോഡ്‌ ടാറിങ്ങിനെയും വിൽപ്പന പ്രതികൂലമായി ബാധിക്കും. കമ്പനി സ്വകാര്യ ഉടമയ്‌ക്ക്‌ കൈമാറുന്ന ദിവസം മുതൽ രാജ്യത്തെ എട്ട്‌ കോടിയോളം ഭാരത്‌ ഗ്യാസ്‌ ഉപയോക്താക്കളുടെ സബ്‌സിഡി ഇല്ലാതാകും.

കൊച്ചി എണ്ണശുദ്ധീകരണ ശാലയിലെ ആദായം കുറഞ്ഞ ബിറ്റുമിൻ (ടാർ) ഉൽപ്പാദനം അവസാനിപ്പിക്കാൻ സ്വകാര്യ ഉടമ തീരുമാനിച്ചാൽ സംസ്ഥാനത്തെ റബർ കർഷകരെയും റോഡ്‌ ടാറിങ് ഉൾപ്പെടെ പൊതുമരാമത്ത്‌ പണികളെയും ബാധിക്കും. ആദ്യപ്രഹരം സാധാരണക്കാരനും കർഷകർക്കുമെന്ന്‌ ചുരുക്കം.

ഗാർഹിക ഉപയോക്താക്കൾക്ക്‌ സബ്‌സിഡി നൽകേണ്ട ബാധ്യതയിൽനിന്ന്‌ സ്വകാര്യ ഗ്യാസ്‌ കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്‌. ഭാരത്‌ ഗ്യാസിന്റെ 95 ശതമാനവും സബ്‌സിഡി വിഭാഗത്തിനാണ്‌ വിതരണംചെയ്യുന്നത്‌. നിലവിൽ സിലിൻഡർ ഒന്നിന്‌ നൂറുരൂപയോളമാണ്‌ സബ്‌സിഡി.

പൊതുമേഖലാ എണ്ണക്കമ്പനികൾ ഉൽപ്പന്നങ്ങൾ പങ്കിടുന്നതിനാൽ ഐഒസിയും എച്ച്‌പിസിയും പോലുള്ള സ്ഥാപനങ്ങളുടെ എൽപിജി വിതരണത്തെയും സ്വകാര്യവൽക്കരണം ബാധിക്കും. സംസ്ഥാനത്തെ മൊത്തം എൽപിജി ആവശ്യത്തിന്റെ 26 ശതമാനമാണ്‌ ഭാരത്‌ ഗ്യാസിനുള്ളതെങ്കിലും 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്‌ ബിപിസിഎല്ലാണ്‌.

ആഗോള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാകുന്നതോടെ ബിപിസിഎൽ എൽപിജി ഉൽപ്പാദനം അവസാനിപ്പിക്കാനും സാധ്യതയുണ്ട്‌. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‌ട്ര വിലയെക്കാൾ കുറവാണ്‌ എൽപിജി വില എന്നതിനാൽ ഉൽപ്പാദനം ലാഭകരമല്ലെന്നു പറഞ്ഞ്‌ സ്വകാര്യ എണ്ണശാലകൾ പലതും പിൻമാറി. പെട്രോകെമിക്കൽ ഉൽപ്പാദന അസംസ്‌കൃതവസ്‌തുവായി എൽപിജിയെ രൂപാന്തരപ്പെടുത്തുകയാണ്‌ ഇവർ.

പ്രതിവർഷം ഒരുലക്ഷം ടൺ എൽപിജിയാണ്‌ കൊച്ചി റിഫൈനറി ഉൽപ്പാദിപ്പിക്കുന്നത്‌. സബ്‌സിഡി ഇല്ലാതായാൽ ആ ഇനത്തിൽ ചെലവിടുന്ന തുകയുടെ ബാധ്യതയിൽനിന്ന്‌ കമ്പനിക്ക്‌ ഒഴിവാകാം. ടാറിങ്ങിന്‌ ആവശ്യമായ ബിറ്റുമിനും റബറൈസ്‌ഡ്‌ ബിറ്റുമിനുമാണ്‌ മറ്റൊരു ഉൽപ്പന്നം. പ്രതിവർഷം 20,000 ടൺ ആണ്‌ ഉൽപ്പാദനം. ക്രൂഡ്‌ സംസ്‌കരണത്തിന്റെ ഭാഗമായുണ്ടാകുന്ന സൾഫർ കൂടുതലടങ്ങിയ ബിറ്റുമിൻ കരിയാക്കി മാറ്റുകയാണ്‌ സ്വകാര്യ റിഫൈനറികൾ.

റബറൈസ്‌ഡ്‌ ബിറ്റുമിൻ സംസ്ഥാനത്തെ റബർ കർഷകർക്ക്‌ വലിയ സഹായമായിരുന്നു. നാട്ടിലെ കർഷകരുടെ റബർ ഷീറ്റുകൾ മൊത്തവ്യാപാരികളിൽനിന്ന്‌ വാങ്ങിയാണ്‌ ഇവിടെ ബിറ്റുമിൻ ഉൽപ്പാദിപ്പിച്ചിരുന്നത്‌. ബിപിസിഎൽ ഉൽപ്പാദനം നിർത്തിയാൽ ഇത്‌ നിലക്കും. സംസ്ഥാനത്തെ ടാറിങ് ആവശ്യത്തിന്‌ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയുംവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News