അടിസ്ഥാനസൗകര്യ വികസനം; ആറ്‌ സർക്കാർ മെഡിക്കൽ കോളേജുകൾക്ക്‌ 22.99 കോടിയുടെ ഭരണാനുമതി

സംസ്ഥാനത്തെ ആറ്‌ സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനത്തിന്‌ 22.99 കോടിയുടെ ഭരണാനുമതിയായി. തിരുവനന്തപുരം 5.5 കോടി, ആലപ്പുഴ 3.5, കോട്ടയം 5, കോഴിക്കോട് 5.5, തൃശൂർ മൂന്ന്‌ കോടി, എറണാകുളം 50 ലക്ഷം എന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകൾക്ക്‌ അനുവദിച്ച തുക.

അടിസ്ഥാനസൗകര്യ വികസനത്തിനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുമാണ് തുക അനുവദിച്ചതെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌ട്രോക്ക് സെന്റർ സജ്ജമാക്കാൻ 2.25 കോടി , പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് നവീകരണത്തിന് ഒരു കോടി, ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബിൽ അധിക സൗകര്യമൊരുക്കാൻ 11.24 ലക്ഷംരൂപ എന്നിങ്ങനെയാണ്‌ അനുവദിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ കെ ബ്ലോക്കിലെ ചില്ലർപ്ലാന്റ്, ബ്ലോക്കുകളുടെ നവീകരണം, വാർഷിക അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാണ് തുക. കോട്ടയം മെഡിക്കൽ കോളേജിലെ ഇഎൻടി ലക്ചർഹാൾ, പഴയ അത്യാഹിതവിഭാഗത്തിലെ ആർട്ട് റൂമിന്റെയും ഏഴ്‌, എട്ട്‌ വാർഡുകളുടെയും നവീകരണം, ഒഫ്ത്താൽമോളജി തിയറ്റർ നവീകരണം, മെഡിസിൻ വാർഡ് തറയിടൽ, പെയിന്റിങ്‌ തുടങ്ങിയവയ്‌ക്കും തുക വിനിയോഗിക്കാം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ നവീകരണത്തിന്‌ 2.01 കോടി രൂപയും ജനറൽ വാർഡ്, ഐഎംസിഎച്ച്, ഐസിഡി, ഒഫ്താൽമോളജി വാർഡ് എന്നിവിടങ്ങളിൽ ലിഫ്റ്റ് നിർമാണത്തിന്‌ 1.98 കോടിയുമാണ്‌ അനുവദിച്ചത്‌.

എറണാകുളം മെഡിക്കൽ കോളേജിലെ 11/110 കെവി ഇലക്‌ട്രിക്കൽ ഇൻസ്റ്റലേഷനും പൂർത്തിയാക്കും. തൃശൂർ മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയം, ക്വാർട്ടേഴ്‌സ്‌, ടോയ്‌ലറ്റ് ബ്ലോക്ക്, മെഡിക്കൽ റെക്കോഡ് ലൈബ്രറി, ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സ് എന്നിവ നവീകരിക്കാനാണ്‌ തുക അനുവദിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here