എതിര്‍പാളയത്തെ വരുതിയിലാക്കാന്‍ ഇഡി ആയുധമാക്കി മോദി

മഹാരാഷ്‌ട്ര ഭരണം കൂടി പിടിച്ചെടുക്കാന്‍ സാധിച്ചതോടെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) മോ‍ദി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്‌ത ‘സഖ്യകക്ഷിയായി’ മാറി. എതിര്‍പാളയത്തെ നേതാക്കളെ വരുതിയിലാക്കാന്‍ ബിജെപിയുടെ ഏറ്റവും ഫലപ്രദമായ ആയുധമാവുകയാണ് ഇഡി.

ഇഡി ധനമന്ത്രാലയത്തിന്‌ കീഴിലാണെങ്കിലും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നിരന്തര നിരീക്ഷണം ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലുണ്ട്. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതോടെ എതിർചേരിയിലെ പ്രമുഖര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ ഈഡി ഇടപെടും. ഹരിയാന, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇഡി സജീവമായി.

ശരദ് പവാര്‍, അജിത് പവാര്‍ അടക്കമുള്ള എൻസിപി നേതാക്കൾക്കെതിരെ മഹാരാഷ്‌ട്ര സംസ്ഥാന സഹകരണ ബാങ്കിന് 25,000 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസ്‌ സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്തു. നവനിർമാൺസേന നേതാവ്‌ രാജ്‌ താക്കറയ്‌ക്കും നോട്ടീസ്‌ നൽകി. 30 വർഷമായി ബിജെപിയുമായി സഖ്യത്തിലുള്ള ശിവസേനാ നേതാക്കള്‍ ഒഴിവായി.

ഹരിയാന തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രിയങ്കഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വദ്രയ്ക്കെതിരായ കേസുകളില്‍ ഇഡി ശക്തമായ നിലപാടെടുത്തു. തെരഞ്ഞെടുപ്പിന്‌ ചുക്കാൻപിടിച്ച കോൺഗ്രസ്‌ നേതാവ്‌ ഭൂപീന്ദർസിങ്‌ ഹൂഡയ്‌ക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ വീടിന്റെ മതിൽ ചാടിക്കടന്നാണ്‌ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇഡി ചുമത്തിയ കേസിൽ ഇപ്പോഴും ചിദംബരം ജയിലിലാണ്‌. കർണാടകയിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തനീക്കത്തിന് വെല്ലുവിളിയായ ഡി കെ ശിവകുമാറും കുരുങ്ങി.

ബിജെപി മുന്നണിയില്‍ ഉപമുഖ്യമന്ത്രിയായതോടെ അജിത്‌ പവാറിന് ‘ശല്യപ്പെടുത്തല്‍‘ ഉണ്ടാകില്ല. തൃണമൂൽ നേതാവ്‌ മുകുൾ റോയ്, കോൺഗ്രസ്‌ നേതാവ്‌ ഹിമന്ദ ബിശ്വശർമ എന്നിവര്‍ ബിജെപി പാളയത്തിലെത്തി അഴിമതിക്കേസുകളെ അതിജീവിച്ചവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News