പിങ്ക്‌ പന്തിൽ ഇന്ത്യ വിജയത്തിനരികെ; ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്‌റ്റാകാന്‍ സാധ്യത

ഇന്ത്യ പിങ്ക്‌ നിറമുള്ള വിജയത്തിനരികെ. മൂന്നുദിവസം ബാക്കിയിരിക്കെ ബംഗ്ലാദേശിനെതിരായ രാത്രി–പകൽ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ വിജയം ഉറപ്പാക്കി. പിങ്ക്‌ പന്തിന്റെ ഗുട്ടൻസ്‌ ഇനിയും മനസ്സിലാകാത്ത ബംഗ്ലാദേശ്‌ 89 റൺ പിറകിലാണ്‌, കൈയിലുള്ളത്‌ നാല്‌ വിക്കറ്റും. തുടർച്ചയായ രണ്ടാം ടെസ്‌റ്റിലും ഇന്നിങ്സ്‌ പരാജയം ഒഴിവാക്കാൻ ബംഗ്ലാദേശ്‌ ഏറെ പണിപ്പെടും. സ്‌കോർ: ബംഗ്ലാദേശ്‌: 106, 6–152. ഇന്ത്യ 9–347.

സുഗമമായ കളി പലപ്പോഴും വിഷമത്തിലാക്കുന്ന പിങ്ക്‌ പന്തിൽ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി സെഞ്ചുറി നേടിയതാണ്‌ സവിശേഷത. 194 പന്ത്‌ നേരിട്ട ക്യാപ്‌റ്റൻ 136 റണ്ണടിച്ചു. അതിൽ 18 ഫോറുകൾ ഉൾപ്പെട്ടു. നാലാം വിക്കറ്റിൽ അജിൻക്യ രഹാനെയുമായി ചേർന്ന്‌ (69 പന്തിൽ 51) 99 റൺ നേടി. രണ്ടാം ദിവസം മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 174 റണ്ണുമായി കളി തുടങ്ങിയ ഇന്ത്യയെ കോഹ്‌ലിയും രഹാനെയും ചേർന്ന്‌ ഉയർത്തി. രവീന്ദ്ര ജഡേജ 12 റണ്ണിന്‌ പുറത്തായപ്പോൾ വിക്കറ്റ്‌ കീപ്പർ വൃദ്ധിമാൻ സാഹ 17 റണ്ണുമായി പുറത്താകാതെനിന്നു. ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 347 റണ്ണായപ്പോൾ ഇന്ത്യ ഡിക്ലയർ ചെയ്‌തു.

241 റൺ പിറകിലായി രണ്ടാം ഇന്നിങ്സ്‌ തുടങ്ങിയ ബംഗ്ലാദേശിന്‌ പന്തിന്റെ താളം മനസ്സിലായില്ല. ഇന്ത്യൻ പേസർമാർക്കു മുന്നിൽ ആത്മവിശ്വാസമില്ലാതെയായിരുന്നു കളി. ആദ്യ ഓവറിൽ ഓപ്പണർ ഷദ്‌മാൻ ഇസ്ലാമിനെ മടക്കി ഇശാന്ത്‌ ശർമ കളി പിടിച്ചു. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്ത ഇശാന്ത്‌ നാലെണ്ണംകൂടി പിഴുതു. 59 റണ്ണുമായി പുറത്താകാതെ നിൽക്കുന്ന മുഷ്‌ഫിഖർ റഹീമിലാണ്‌ ബംഗ്ലാദേശിന്റെ അവസാന പിടിവള്ളി. 39 റണ്ണുമായി നന്നായി കളിച്ച മഹ്‌മൂദുള്ള പരിക്കേറ്റ്‌ മടങ്ങി.

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്‌റ്റായി ഈ കളി മാറാൻ സാധ്യതയുണ്ട്‌. ഇതുവരെ എറിഞ്ഞത്‌ 916 പന്തുകളാണ്‌. 2018ൽ അഫ്‌ഗാനിസ്ഥാനെതിരെയുള്ള മത്സരമാണ്‌ നിലവിലെ റെക്കോഡ്‌. ആ കളിയിൽ 1028 പന്തുകൾ എറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News