മഹാരാഷ്ട്രയില്‍ അടിയന്തര വിശ്വാസവോട്ടെടുപ്പില്ല; സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ നാളെ ഹാജരാക്കണം; കേസ് നാളെ 10.30ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: മഹാരാഷ്ട്രയില്‍ അടിയന്തിരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി.

സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ നാളെ രാവിലെ 10ന് മുന്‍പ് ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ഉത്തരവിട്ടു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

നാളെ രാവിലെ ഭൂരിപക്ഷം സംബന്ധിച്ച രണ്ടുകത്തുകള്‍ കോടതിയില്‍ ഹാജരാക്കണം. ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നല്‍കിയ കത്ത്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് എന്നിവയാണ് ഹാജരാക്കേണ്ടത്.

ഗവര്‍ണറുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. വിശ്വാസവോട്ടെടുപ്പ് മാത്രമാണ് ഇപ്പോള്‍ പരിഗണനാ വിഷയമെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നാവിസിനെ അനുവദിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഞായറാഴ്ച സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.

ശിവസേനയുടെ വാദങ്ങള്‍ കബില്‍ സിബല്‍ കോടതിയില്‍ അവതരിപ്പിച്ചു. ഫഡ്നാവിസിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കബില്‍ സിബല്‍ വാദിച്ചു.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരമാണ്. ക്യാബിനറ്റ് പോലും ചേരാതെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച കത്ത് പൊതുമധ്യത്തിലില്ലെന്നും കബില്‍ സിബല്‍ വാദിച്ചു. ഇപ്പോള്‍ നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാര്യങ്ങളാണെന്നും കബില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

എന്‍സിപിക്ക് വേണ്ടി അഭിഷേക് മനു സിംഗ്വി വാദിച്ചു. പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിഗണിച്ചില്ലെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ലെന്നും വിശ്വാസ വോട്ട് നടത്തുന്നതാണ് ഉചിതമെന്നും അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാല്‍ ഹര്‍ജിക്ക് അടിയന്തിര പ്രാധാന്യമില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും ബിജെപിക്കായി വാദിച്ച മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News