സൗമിനി ജെയിനെ മാറ്റാനുള്ള ഡിസിസി നീക്കത്തിന് തിരിച്ചടി

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനെ മാറ്റാനുള്ള ഡി സി സി നീക്കത്തിന് തിരിച്ചടി. മേയറെ മാറ്റുന്നതിന്റെ മുന്നോടിയായി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ഡി സി സി പ്രസിഡന്റിന്റെ നിര്‍ദേശം മൂന്ന് കൗണ്‍സിലര്‍മാര്‍ തള്ളി.

മേയര്‍ സൗമിനി ജെയിനെ നീക്കുന്നതിന്റെ മുന്നോടിയായാണ് നാല് സ്ഥിരം സമിതി അധ്യക്ഷരോടും ശനിയാഴ്ച്ചക്കകം രാജിവെക്കാന്‍ ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം അനുസരിച്ചത് ഒരാള്‍ മാത്രം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യുവാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് കൈമാറിയത്.

അതേ സമയം മറ്റ് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ ബി സാബു,കെ വി പി കൃഷ്ണകുമാര്‍,ഗ്രേസി ജോസഫ് എന്നിവര്‍ ഡി സി സി പ്രസിഡന്റിന്റെ നിര്‍ദേശം തള്ളുകയായിരുന്നു.നാല് പേര്‍ രാജിവെക്കുമ്പോള്‍ അതില്‍ ഒരാളെ മാത്രം മേയറാക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് ഇവരുടെ നിലപാട്.

കൂടാതെ തങ്ങളുടെ ചുമതലയില്‍ വീഴ്ച്ച വരുത്തിയതായി പാര്‍ട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമായ കാരണമില്ലാതെ രാജിവെക്കാന്‍ കഴിയില്ലെന്നും മൂവരും ചൂണ്ടിക്കാട്ടുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ടത്.അത് കണക്കിലെടുക്കാതെ ഇനിയും രാജിക്ക് സമ്മര്‍ദ്ദം ചെലുത്തിയാല്‍ പലതും പരസ്യമായി പറയേണ്ടി വരുമെന്നും ഇവര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത ദിവസം കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തുമെന്നും ഡി സി സിയോട് ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ മാറിയാല്‍ താനും മാറാമെന്ന് മേയര്‍ സൗമിനി ജെയിന്‍ നേരത്തെതന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് അധ്യക്ഷന്‍മാരെ മാറ്റാന്‍ ഡി സി സി നേതൃത്വം തീരുമാനിച്ചത്.

യു ഡി എഫിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള സ്ഥിരം സമിതികളില്‍ അഴിച്ചുപണി നടത്തുന്നത് അധ്യക്ഷസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ സൗമിനെ ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് മാറ്റുക എന്നത് കോണ്‍ഗ്രസ്സിന് വലിയ തലവേദനായായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here