‘പിങ്കണിഞ്ഞ് ഇന്ത്യ’; ജയം ഇന്നിങ്സിനും 46 റണ്‍സിനും

ഇന്ത്യ ആതിഥേയത്വം വഹിച്ച ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തില്‍ കോഹ്ലിപ്പടയ്ക്ക് ചരിത്രജയം. ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ പേസ് ആക്രമണനിരയ്ക്കും പിങ്ക് പന്തിനും മറുപടിയില്ലാതെ ബംഗ്ലാദേശ് ടീം രണ്ടരദിവസം കൊണ്ട് കീഴടങ്ങി. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ പിങ്ക് ജയം ആഘോഷിച്ചത്. മത്സരത്തില്‍ പത്തൊന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയത് പേസര്‍മാരാണ്.

241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറില്‍ 195 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇന്‍ഡോറില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ചരിത്രജയത്തോടൊപ്പം കരസ്ഥമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശ് നിരയെ കടപുഴക്കിയത്. ഇന്ന് മൂന്നു വിക്കറ്റുകളും ഉമേഷ് യാദവിന്റെ വകയായിരുന്നു. 14.1 ഓവറില്‍ 53 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇഷാന്ത് ശര്‍മ 13 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അര്‍ധസെഞ്ചുറി നേടിയ മുഷ്ഫിഖുര്‍ റഹിമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. റഹിം 96 പന്തില്‍ 13 ഫോറുകള്‍ സഹിതം 74 റണ്‍സെടുത്തു.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശിന് പന്തിന്റെ താളം മനസ്സിലായില്ല. ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ആത്മവിശ്വാസമില്ലാതെയായിരുന്നു കളി. ആദ്യ ഓവറില്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ മടക്കി ഇശാന്ത് ശര്‍മ കളി പിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News