ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി

തിരുവനന്തപുരം: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് തീരങ്ങളൊരുങ്ങി.

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിനെ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേല്‍ക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബീച്ചുകളില്‍ ശുചീകരണത്തിനും കളിക്കളം ഒരുക്കുന്നതിനും പ്രായഭേദമന്യേ ആളുകള്‍ എത്തി.

മലപ്പുറം ജില്ലയിലെ മത്സരങ്ങളോടെ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കമായി. ഡിസംബര്‍ അവസാനത്തോടെ മുഴുവന്‍ ജില്ലകളിലും മത്സരങ്ങള്‍ അവസാനിക്കും.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംസ്ഥാനതല മത്സരം. കായികവകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം, ഫിഷറീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തീരങ്ങളുള്ള 9 ജില്ലകളിലായാണ് ബീച്ച് ഗെയിംസ് നടത്തുന്നത്. ഓരോ ജില്ലയിലും ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും പ്രാതിനിധ്യത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.

ജില്ലാകളക്ടറാണ് സമിതിയുടെ ചെയര്‍മാന്‍. തീരപ്രദേശങ്ങള്‍ ഇല്ലാത്ത ജില്ലകളിലെ കായിക താരങ്ങള്‍ക്കും ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും അതത് മേഖലകളില്‍ മത്സരങ്ങള്‍ നടത്തി വിജയികളെ സംസ്ഥാന തല മത്സരത്തിനയക്കും.

വോളിബോള്‍, ഫുട്ബോള്‍, കബഡി, വടംവലി എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. 18 വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്കും 16 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് മത്സരങ്ങള്‍.

സംസ്ഥാനതല ഫുട്‌ബോള്‍ തിരുവനന്തപുരത്തും കബഡി ആലപ്പുഴയിലും വടംവലി കോഴിക്കോടും വോളിബോള്‍ കണ്ണൂരിലും നടക്കും. ആദ്യത്തെ ബീച്ച്‌ഗെയിംസ് കിരീടം തങ്ങളുടെ കരയ്‌ക്കെത്തിക്കാനുള്ള കഠിന പരിശീലനത്തിലാണ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here