കൊച്ചി നഗരസഭയുടെ അനാസ്ഥ; മുടങ്ങുന്നത് കോടികളുടെ നിര്‍മാണ പ്രവൃത്തികള്‍

കൊച്ചി: നഗരസഭയുടെ അനാസ്ഥ കാരണം കൊച്ചി നഗരത്തിൽ മുടങ്ങിക്കിടക്കുന്നത് കോടികളുടെ നിർമാണ പ്രവർത്തനങ്ങൾ.

കുടിവെള്ള പദ്ധതികൾ, റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ളവ വർഷങ്ങളായി അനിശ്ചിതത്വത്തിലാണ്. നാലരക്കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് നിലച്ചവയിൽ പ്രധാനം.

പെരുമാനൂർ മുതൽ രവിപുരംവരെയുള്ള 1270 മീറ്റർ റോഡിൽ 1.38 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞവർഷം ഏപ്രിലിലാണ്‌ കരാർ ഒപ്പിട്ടത്‌.

ജല അതോറിറ്റിക്കായിരുന്നു പദ്ധതിയുടെ ചുമതല. എന്നാൽ നിർമാണം ആരംഭിച്ച്‌ അഞ്ചുദിവസം കഴിഞ്ഞപ്പോൾ പണി നിർത്തിവയ്‌ക്കണമെന്ന് അറിയിപ്പ് ലഭിച്ചു.

നിലവിൽ പണി ആരംഭിച്ച റോഡിലൂടെ മറ്റ് ലൈനുകൾ പോകുന്നതിനാൽ തീരുമാനിച്ച പദ്ധതി രേഖയിൽ മാറ്റമുണ്ടെന്ന് കാണിച്ചാണ് നിർത്തിവയ്‌ക്കാൻ ജല അതോറിറ്റിയിൽനിന്ന്‌ അറിയിപ്പ് കിട്ടിയത്.

എന്നാൽ ഏത് പദ്ധതിരേഖ പ്രകാരമാണോ കരാർ വച്ചിട്ടുള്ളത് അതുപ്രകാരം പണി നടത്തിയാൽ മതിയെന്ന് മേയർ വാശിപിടിച്ചതോടെ പദ്ധതി അനശ്ചിതത്വത്തിലായി.

പദ്ധതിക്കായി പൈപ്പ് അടക്കം ഇറക്കിയ കരാറുകാരനും ഇതോടെ പ്രതിസന്ധിയിലായി. മേയറോ സ്ഥലം എംഎൽഎയോ തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

പദ്ധതി ആരംഭിച്ച്‌ ഒരു വർഷം കഴിയുകയും കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. എന്നാൽ എന്ത് പരിഹാരം കാണണമെന്ന് അറിയാതെ കൈമലർത്തുകയാണ് നഗരസഭ. ഇതോടെ പണി ഏറ്റെടുത്ത കരാറുകാരൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കതൃക്കടവിൽ കുടിവെള്ള പദ്ധതിക്കായി ആരംഭിച്ച പണിയും നഗരസഭയുടെ അനാസ്ഥകാരണം നിലച്ചു. വെണ്ണല ചക്കരപ്പറമ്പ് പ്രദേശത്താണ് പൈപ്പ് ഇടുന്നതിനായി ഒരു കോടിയുടെ പദ്ധതി ആരംഭിച്ചത്.

അഞ്ച്‌ കിലോമീറ്റർ റോഡിൽ രണ്ടരക്കിലോമീറ്ററിൽ മാത്രമാണ് പ്രവൃത്തി നടത്താൻ കഴിഞ്ഞുള്ളൂ. ശേഷിച്ച രണ്ടരക്കിലോമീറ്റർ റോഡ് പൊളിക്കാൻ നഗരസഭയുടെ ഉൾപ്പെടെ അനുമതി ലഭിക്കാതായതോടെ ഈ പദ്ധതിയും പാതിവഴിയിൽ നിലച്ചു.

പദ്ധതികൾ നിലച്ചിട്ടും ഇവ പുനരാരംഭിക്കാനുള്ള ഇടപെടൽ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ അമർഷത്തിലാണ് പദ്ധതി പ്രദേശങ്ങളിലെ ജനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News