പുതിയ ചരിത്രമെഴുതി കേരളത്തിന്റെ വ്യവസായ മേഖല; ഓട്ടോകാസ്റ്റ് ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്‌

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാനപൊതുമേഖലാ സ്ഥാപനം ഓട്ടോകാസ്റ്റിന്റെ ഉല്‍പന്നങ്ങള്‍ക്ക് വിദേശത്ത് നിന്ന് ഓര്‍ഡര്‍.

മൈനിംഗ് ഉപകരണങ്ങള്‍ക്ക് ആവശ്യമായ കാസ്റ്റിംഗുകള്‍ക്ക് കാനഡയില്‍ നിന്നാണ് ഓര്‍ഡര്‍. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവടങ്ങളില്‍ കോണ്‍ട്രാക്ട് ഉല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചത്.

കാനഡയില്‍ നിന്ന് എത്തിയ കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ വിവിധ ഘട്ടങ്ങളായി നടത്തിയ അടിസ്ഥാന സൗകര്യ വിശകലനത്തിനും ഗുണമേന്മാ പരിശോധനയ്ക്കും ശേഷമാണ് കയറ്റുമതിക്ക് ഓര്‍ഡര്‍ ലഭിച്ചത്.

ഇന്ത്യയിലെ മറ്റു ഫൗണ്ടറികളെ മറികടന്നാണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. പരീക്ഷണ അടിസ്ഥാനത്തില്‍ മൂന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡര്‍ സമയബന്ധിതമായി നല്‍കുന്നതിനനുസരിച്ച് കൂടുതല്‍ കാസ്റ്റിംഗുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിക്കും. മാസത്തില്‍ ഒരു കണ്ടെയ്‌നര്‍ വീതം കയറ്റുമതി ചെയ്യുന്നതിനുള്ള ഓര്‍ഡറാണ് ലഭിക്കുക.

വികസിത രാജ്യങ്ങളിലെ പ്രമുഖ നിര്‍മ്മാതാക്കള്‍ക്കുവേണ്ട കാസ്റ്റിംഗുകള്‍, ഫോര്‍ജിംഗുകള്‍, ഫാബ്രിക്കേഷന്‍ മുതലായവ ഇന്ത്യ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംഭരിച്ച് വിതരണം ചെയ്യുന്നവരാണ് കനേഡിയന്‍ കമ്പനി.

ആഗോള തലത്തില്‍ ആവശ്യമായ കാസ്റ്റിംഗുകള്‍ ഓട്ടോകാസ്റ്റില്‍ നിന്നും വാങ്ങുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുകമ്പനികളും ലക്ഷ്യം വെക്കുന്നത്.

പ്രതിസന്ധി മറികടന്ന് മുന്നേറുന്ന ഓട്ടോകാസ്റ്റിന് പുതിയ ഓര്‍ഡര്‍ കരുത്ത്പകരും. സ്ഥാപനത്തിന്റെ വികസനത്തിനായി വ്യവസായ വകുപ്പ് നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പുതുതായി സ്ഥാപിച്ച ഡിസൈന്‍ സോഫ്റ്റ് വെയറിന്റ സഹായത്താടെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങലെ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് വിറ്റുതുലക്കുമ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തില്‍ വലിയ കുതിപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News