പണത്തിന് പിന്നാലെ പായുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനായൊരു മനുഷ്യന്‍

ജനാധിപത്യം പണക്കൊഴുപ്പിന്റെ അറവുശാലയിലാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ ഒരുപരിധിക്കപ്പുറം നമ്മളെ അത്ഭുതപ്പെടുത്താത്തത് ഈ ജനാധിപത്യ ധ്വംസനത്തിന് ആവര്‍ത്തനമുണ്ടാവുന്നതുകൊണ്ടാണ്.

അധികാരത്തിന്റെ തണലില്‍ ഭരണസംവിധാനങ്ങളെയും ഭരണസ്ഥാപനങ്ങളെയും പാടെ രാഷ്ട്രീയ ഇച്ഛ നടപ്പിലാക്കുന്നതിനുള്ള ഉപകരണമാക്കുന്ന നെറികെട്ട രാഷ്ട്രീയമാണ് മഹത്തായ ജനാധിപത്യ മൂല്യമുണ്ടായിരുന്നൊരു രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നെയുണ്ടായിരുന്ന സഖ്യധാരണകള്‍ തകര്‍ന്നപ്പോള്‍ അധികാരമുപയോഗിച്ചും പണമെറിഞ്ഞും മഹാരാഷ്ട്രയിലേയും അധികാരം പിടിക്കാനൊരുങ്ങുകയാണ് ബിജെപി. ഓപ്പറേഷന്‍ കമല എന്ന ഓമനപ്പേരില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്ത് കൂട്ടുന്നതൊക്കെ ജനാധിപത്യത്തിന്റെ കശാപ്പാണ്.

ദിവസങ്ങളോളം ചര്‍ച്ചചെയ്‌തെടുത്ത തീരുമാനങ്ങള്‍ക്കൊപ്പം തങ്ങളുടെ എംഎല്‍എമാരെ പിടിച്ച് നിര്‍ത്താന്‍ കഴിയാത്ത ഗതികേടിലാണ് എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമെല്ലാം എന്നാല്‍ അവിടെയും വ്യത്യസ്ഥനായി നില്‍ക്കുന്നൊരു വ്യക്തിയുണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍.

തനിക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട സഭാസാമാജികരെല്ലാം രായ്ക്കുരാമാനം റിസോട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് സ്വന്തം പാര്‍ട്ടി നേതൃത്വത്താല്‍ ഒളിച്ച് കടത്തപ്പെടുമ്പോള്‍ മഹാരാഷ്ട്രയിലെ കാല്‍വാന്‍ മണ്ഡലത്തില്‍ അവരുടെ എംഎല്‍എ സ്വന്തം സൈക്കിളില്‍ മണ്ഡലത്തില്‍ പോയി ജനങ്ങളുടെ ക്ഷേമങ്ങളന്വേഷിച്ച് സജീവമായി രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.

അഴിമതിയാരോപണത്തിന്റെ നിഴലുപോലും അദ്ദേഹത്തെ ഭയപ്പെടുത്തുന്നില്ല. കനമുള്ള നോട്ടുകൊട്ടുകള്‍ കൊണ്ട് ആരും അദ്ദേഹത്തിന് പിന്നാലെ പോകുന്നില്ല.

ഒപ്പം ജയിച്ചവര്‍ക്ക് കോടികള്‍ വിലയിട്ട് ബ്രോക്കര്‍മാര്‍ പിന്നാലെയുണ്ട് എന്നാല്‍ വിനോദിന് പിന്നാലെ ഇവരാരുമില്ല സംസ്ഥാനത്തെ എംഎല്‍എമാരില്‍ എറ്റവും ദരിദ്രനാണ് 52000 രൂപയുടെ സ്വത്ത് മാത്രമുള്ള സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമായ നിക്കോളെ 2018 ല്‍ നാസികില്‍ നിന്നാരംഭിച്ച് മുംബൈയിലെ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച കര്‍ഷക സമരത്തിന്റെ നായകന്‍.

ആയിരം ചാണക്യന്‍മാര്‍ ഒരുമിച്ച് തന്ത്രങ്ങള്‍ മെനഞ്ഞാലും കുലുക്കമില്ലാതെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കും നിക്കോളെ. രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്കാണ് ജനങ്ങല്‍ അദ്ദേഹത്തിന് വോട്ടുനല്‍കിയതെന്ന് അധികാരം കിട്ടയപ്പോള്‍ അദ്ദേഹം മറന്നില്ല കാരണം വിനോദ് നിക്കോളെയുടെ രാഷ്ട്രീയം ഇടതായിരുന്നു.

പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ നെഞ്ചുവിരിച്ചുനിന്നാണ് തന്റെ പിന്‍മുറക്കാര്‍ ഈ മണ്ണില്‍ ഇടത് രാഷ്ട്രീയത്തിന്റെ വിത്തിട്ടതെന്ന് ബോധ്യമുള്ള രാഷ്ട്രീയക്കാരനാണ് വിനോദ് നിക്കോളെ.

മറ്റ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ഉറങ്ങിയപ്പോള്‍ വിനോദ് നിക്കോളെ സ്വന്തം വീട്ടിലുറങ്ങി മറ്റ് എംഎല്‍എമാര്‍ ആഡംബര ബസുകളില്‍ കോടതിയിലും റിസോട്ടിലുമായി നിലപാടില്ലാതെ പണത്തിന് പിന്നാലെ പാഞ്ഞപ്പോള്‍

അദ്ദേഹം സ്വന്തം സൈക്കിളിന്റെ ആഡംബരത്തില്‍ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം നിന്നു, പാര്‍ട്ടി ഓഫീസില്‍ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

എല്ലാം കണക്കാണെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ നിക്കോളെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിലെയും നിലപാടുകളിലെയും വ്യക്തതയും വ്യതിരിക്തതയും തന്നെയാണ് ഇടതുപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here