കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന ഓർമയ്‌ക്ക് തിങ്കളാഴ്‌ച 25 വയസ്സ്. തീയുണ്ടകൾക്കും തോൽപ്പിക്കാനാവാത്ത യുവജന മുന്നേറ്റത്തിന്റെ കനലാളുന്ന സ്‌മരണയിൽ സമരഭൂമിയിൽ പതിനായിരങ്ങൾ സംഗമിക്കും. അനശ്വര രക്തസാക്ഷികൾ കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, സി ബാബു, കെ മധു എന്നിവരുടെ ജീവാർപ്പണത്തിന്റെ ഓർമയാണ് പുതുക്കുന്നത്.
ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്‌ച അഞ്ച് രക്തസാക്ഷിഗ്രാമങ്ങളിൽ അനുസ്‌മരണ റാലിയും പൊതുസമ്മേളനവുമുണ്ടായി. ബലികുടീരങ്ങളിൽനിന്നുള്ള ദീപശിഖ തിങ്കളാഴ്‌ച സമരഭൂമിയിൽ ജ്വലിപ്പിക്കും.
കൂത്തുപറമ്പ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്യും. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തിൽ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ 1994 നവംബർ 25ന് പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് അഞ്ചുപേർ രക്തസാക്ഷികളായത്.
ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ 25 വർഷമായി കിടപ്പിലാണ്. മറ്റു പലർക്കും വെടിയേറ്റു. ഇരുനൂറിലേറെപ്പേർ ഭീകര മർദനത്തിനിരയായി. കൂത്തുപറമ്പ് അർബൻ ബാങ്ക് ശാഖ ഉദ്‌ഘാടനം ചെയ്യാൻ മന്ത്രി എം വി രാഘവനെത്തിയപ്പോൾ സമാധാനപരമായി പ്രതിഷേധിച്ചവർക്കു നേരെയായിരുന്നു വെടിവയ്‌പ്പ്.
Get real time update about this post categories directly on your device, subscribe now.