കനകമല തീവ്രവാദ കേസ്; കൊച്ചി പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും

കനകമല തീവ്രവാദ കേസിൽ കൊച്ചി പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും. കണ്ണൂർ കനകമലയിൽ ഐ എസ് സംഘടനയുടെ ഗൂഡാലോചനയിൽ പങ്കെടുത്ത ഏഴു പ്രതികളാണ് എൻഐഎയുടെ കസ്റ്റഡിയിൽ ഉള്ളത്. കേസിലെ ഏഴാം പ്രതി ഷജീർ അഫ്ഘാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടു.

2016 ഒക്ടോബറിൽ കണ്ണൂർ കനകമലയിൽ ഐഎസ് അനുകൂല സംഘടനായ അൻസാർ- അൽ-ഖലീഫ എന്ന സംഘടനയുടെ രഹസ്യയോഗം ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത എട്ടു പേരെ ഉൾപ്പെടുത്തിയാണ് എൻഐഎ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചത്.

വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ,ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയതായി എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു.

കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബു ബഷീർ, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ കെ ജാസീം, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീൻ എന്നിവരെ കനക മല കേസിലെ പ്രതികളാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

ഇതിൽ ഏഴാം പ്രതിയായ ഷജീർ അഫ്ഘാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടു. 70 സാക്ഷികളെ വിസ്തരിച്ച കേസിൽ രാജ്യദ്രോഹക്കുറ്റം, ഗൂഡാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകൾ എന്നീ വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ടെലഗ്രാം ആപ്ലിക്കേഷൻ വഴി ഈ സംഘം നടത്തിയ ഗൂഡാലോചന ചോർന്നതാണ് പ്രതികളിലേക്ക് എൻഐഎ അന്വേഷണ സംഘത്തെ എത്തിച്ചത്. കേസിൽ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here