സർക്കാർ, എയ്‌ഡഡ്‌ മേഖലകളിലായി 45,000 ക്ലാസ്‌ മുറികൾ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവിൽ സംസ്ഥാനത്തെ 45,000 ക്ലാസ്‌ മുറി ഹൈടെക്‌. എട്ടുമുതൽ പ്ലസ്‌ടുവരെയുള്ള സർക്കാർ, എയ്‌ഡഡ്‌ മേഖലയിലുള്ള 4752 വിദ്യാലയത്തിലെ ക്ലാസ്‌മുറികളാണ്‌ ഹൈടെക്കായത്‌.

ലാപ്‌ ടോപ്‌, പ്രൊജക്ടർ, സ്‌പീക്കർ, ബ്രോഡ്‌ബ്രാൻഡ്‌ ഇന്റർനെറ്റ്‌, ടൈലിട്ട തറ, മികച്ച സീലിങ്‌ സംവിധാനങ്ങളോടുകൂടിയാണ്‌ ഹൈടെക്‌ ക്ലാസ്‌മുറി. കിഫ്‌ബി അനുവദിച്ച 493.50 കോടി രൂപയിൽ 348.63 കോടിയാണ്‌ ഇതുവരെ പദ്ധതിക്ക്‌ ചെലവഴിച്ചത്‌.

കൈറ്റിന്റെ വെബ്‌സൈറ്റു പ്രകാരം ശനിയാഴ്‌ചവരെ തിരുവനന്തപുരം–3712, കൊല്ലം–3557, പത്തനംതിട്ട–1659, ആലപ്പുഴ– 2736, കോട്ടയം–2640, ഇടുക്കി-1574, എറണാകുളം-3518, തൃശൂർ–3909, പാലക്കാട്‌– 3843, മലപ്പുറം– 6112, കോഴിക്കോട്‌– 4454, വയനാട്‌–1327, കണ്ണൂർ–3619, കാസർകോട്‌–2053 ക്ലാസ്‌മുറിയാണ്‌ ഹൈടെക്കായത്‌. സർക്കാർവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലാക്കാൻ ലക്ഷ്യമിട്ട മികവിന്റെ കേന്ദ്രം പരിപാടിയിൽ ഇടം പിടിച്ച 137 വിദ്യാലയങ്ങളിൽ നിർമാണപ്രവർത്തനം പുരോഗമിക്കുകയാണ്‌.

ഹയർ സെക്കൻഡറിവരെയുള്ള വിദ്യാലയങ്ങളാണ്‌ ഇതിൽ ഉൾപ്പെട്ടത്‌. ഹൈടെക്‌ ക്ലാസ്‌ റൂം, ആധുനിക ലാബ്‌, ഹാൾ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കും. ഒരോന്നിനും അഞ്ച്‌ കോടി രൂപവീതം 140 നിയമസഭാ മണ്ഡലത്തിലും ഒരു സ്‌കൂളാണ്‌ പദ്ധതിയിലുണ്ടാവുക.

221 വിദ്യാലയത്തിന്‌ അടിസ്ഥാന സൗകര്യവികസനത്തിന്‌ മൂന്ന്‌ കോടി രൂപവീതവും അനുവദിക്കുന്നു. കൂടാതെ, ഇൻകൽവഴി 166 വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യം ഉയർത്തുന്നുണ്ട്‌. 500 മുതൽ 1000 വിദ്യാർഥികൾവരെ പഠിക്കുന്ന വിദ്യാലയങ്ങൾക്ക്‌ ഒരു കോടി രൂപയും അനുവദിക്കുന്നു. 446 സ്‌കൂളാണ്‌ ഗുണഭോക്താക്കൾ.

എയ്‌ഡഡ്‌ സ്‌കൂളിലെ നിർമാണ പ്രവൃത്തിക്ക്‌ ചലഞ്ച്‌ ഫണ്ട്‌ നൽകാനും തീരുമാനിച്ചു. എൽപി, യുപി സ്‌കൂളുകൾക്ക്‌ 25 ലക്ഷം രൂപയാണ്‌ നൽകുക. ഇരുവിഭാഗവുമുണ്ടെങ്കിൽ പരമാവധി 40 ലക്ഷം നൽകും.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്ക്‌ 40 ലക്ഷം രൂപ വീതവും രണ്ടും ചേർന്നതാണെങ്കിൽ പരമാവധി 50 ലക്ഷവും ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക്‌ ലാബ്‌ പദ്ധതിയുമൊരുങ്ങുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here