സാമ്പത്തികനീതി നിലനിർത്തിക്കൊണ്ട് വ്യവസായ വളർച്ച കൈവരിക്കുന്ന നവീന കേരളമാണ്‌ സർക്കാരിന്റെ ലക്ഷ്യം; ഡോ. തോമസ്‌ ഐസക്‌

സാമ്പത്തികനീതി നിലനിർത്തിക്കൊണ്ടുതന്നെ വൻതോതിൽ വ്യവസായ വളർച്ച കൈവരിക്കാൻ കഴിയുന്ന നവീന കേരളമാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌. വിപുലമായ പശ്‌ചാത്തല വികസന നടപടികളും കിഫ്‌ബിയും കേരള ബാങ്കുമെല്ലാം ഇതിന്റെ ഭാഗമാണ്‌. ബെഫി സംസ്ഥാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഐസക്‌.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമ്പോൾ മാന്ദ്യം മറികടക്കാനുള്ള ഭാവനാപൂർണ നടപടികളുമായാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. കിഫ്‌ബി പുനഃസംഘടിപ്പിച്ച്‌ പശ്‌ചാത്തല വികസനത്തിനായി 50,000 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചതിൽ സർക്കാരിന്റെ കരുതലും നിശ്‌ചയദാർഢ്യവും വ്യക്തമാണ്‌.

ദേശീയപാത വികസനത്തിന്‌ 5,000 കോടി സംസ്ഥാനം നൽകണമെന്ന്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്‌ ഒരുപക്ഷേ, പദ്ധതിതന്നെ നമ്മൾ ഉപേക്ഷിക്കുമെന്നു കരുതിയാകും. 50 കോടിപോലും വഹിക്കാൻ കഴിയുന്ന നിലയിലല്ല സംസ്ഥാനമെന്ന്‌ അവർക്കറിയാം. എന്നാൽ, കിഫ്‌ബിയുടെ ബലത്തിൽ അത്‌ ഏറ്റെടുത്തു. 750 കിലോമീറ്റർ മലയോര പാത, 440 കെവി വൈദ്യുതിലൈൻ എന്നിവയുൾപ്പെടെ മറ്റ്‌ ഒട്ടേറെ വൻ പദ്ധതികളും ഏറ്റെടുക്കാനായി.

പുതിയ തലമുറക്ക്‌ കേരളത്തിലെ ഇന്നത്തെ സൗകര്യങ്ങൾ പോരാ. മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യസംവിധാനങ്ങളും വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ച്‌ ജോലി ലഭിക്കുന്ന ആധുനിക വ്യവസായ–- സേവന സംരംഭങ്ങളും വേണം. ഇതിനുവേണ്ടിയാണ്‌ അതിവിപുലമായ പശ്‌ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നത്‌.

രാജ്യത്ത്‌ തുടർച്ചയായ അഞ്ചാം പാദത്തിലും സാമ്പത്തിക വളർച്ച താഴോട്ടാണ്‌. ആറാം പാദത്തിൽ വളർച്ചനിരക്ക്‌ അഞ്ചുശതമാനത്തിലും താഴുമെന്നാണ്‌ വിലയിരുത്തൽ. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും ലയിപ്പിച്ചുള്ള കേരള ബാങ്ക്‌ കേരളത്തിന്റെ വികസനത്തിനും വിഭവസമാഹരണത്തിനും വലിയ സഹായമാകും. പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും–- തോമസ്‌ ഐസക്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News